പാതിവഴിയിൽ സ്വപ്നങ്ങൾ അവസാനിച്ചവന്റെ വേദനകള്‍: സൂററൈ പോട്ര് സിനിമയിലെ ഡിലീറ്റഡ് സീന്‍ പുറത്ത്
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂരറൈ പോട്ര്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ സൂര്യയുടെ പ്രകടനത്തെ എല്ലാത്തരം പ്രേക്ഷകരും ഒരു പോലെ ഏറ്റെടുത്തിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പ്രദർശനത്തിനെത്തിയതെങ്കിലും നിരവധി അവാർഡുകൾ ഇതിനോടകം തന്നെ ചിത്രം കരസ്ഥമാക്കിയിരുന്നു. സൂര്യ, ഉര്‍വശി, അപർണ ബാല മുരളി തുടങ്ങിയവരുടെ മികച്ച പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു ചിത്രം.
സാധാരണക്കാരായ ജനങ്ങളെ ഒരു രൂപയ്ക്ക് പ്ലെയിനില്‍ യാത്ര ചെയ്യിക്കുക എന്ന അസാധാരണ സ്വപ്നം സാധ്യമാക്കാനിറങ്ങിയ നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പലവിധ വെല്ലുവിളികളിലൂടെ കടന്നു പോകുന്ന കഥാപാത്രം ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ക്യാപ്റ്റൻ ഗോപിനാഥ് എന്ന വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പാതി വഴിയില്‍ തന്റെ സ്വപ്നം തകർന്ന നെടുമാരൻ രാജാങ്കത്തിന്റെ ജീവിതമാണ് ഡിലീറ്റഡ് രംഗത്തിലൂടെ കാണാൻ സാധിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനം കൊണ്ട് സമ്പന്നമാണ് ഡിലീറ്റഡ് സീന്‍.