
ചെന്നൈ: ഈറോഡില്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നു. ശിവഗിരി വിലാങ്കാട്ട് വലസില്‍ മേക്കരയാന്‍ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ട്. ദമ്പതികള്‍ ധരിച്ചിരുന്ന 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന തോട്ടത്തിന് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്ല.
രാമസ്വാമിയുടെയും ഭാഗ്യത്തിന്റെയും മക്കള്‍ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കള്‍ മാതാപിതാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവഗിരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ശരീരത്തില്‍ പരുക്കുകളും രക്തക്കറയും കാണുകയും ആഭരണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 8 പേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പെരുന്തറ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ദമ്പതികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിന് എത്തിയ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ദമ്പതികള്‍ വീട്ടില്‍ നേരത്തെ നായയെ വളര്‍ത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഈ നായയ്ക്ക് രാത്രി അജ്ഞാതര്‍ വിഷം നല്‍കി കൊന്നിരുന്നു. ഒറ്റയ്ക്ക് തോട്ടത്തില്‍ താമസിച്ചിരുന്ന ദമ്പതികളെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയാണ് കൊലപാതകവും കൊള്ളയും നടന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.






