IndiaNEWS

പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയും വീട്ടുകാരും മതംമാറാന്‍ ഭീഷണിപ്പെടുത്തുന്നു; പൊലീസ് സംരക്ഷണം തേടി യുവാവ്

ലക്നൗ: ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് തന്നെയും കുഞ്ഞിനെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവാവ്. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ രാജ്കുമാര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പൊലീസും സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്കുമാര്‍ അഭ്യര്‍ത്ഥിച്ചു. മീര സരായിയില്‍ താമസിക്കുന്ന രാജ്കുമാര്‍ വ്യാപാരിയാണ്. ഇയാള്‍ ഷേഖുപൂരില്‍ നിന്നുള്ള അഫ്രോസ് എന്ന സ്ത്രീയുമായി പ്രണയത്തിലായി.

Signature-ad

തുടര്‍ന്ന് രാജ്കുമാറിന്റെ മാതാപിതാക്കളെ അറിയിക്കാതെ, അഫ്രോസിന്റെ കുടുംബം ഒരുക്കിയ സ്റ്റാമ്പ് പേപ്പര്‍ കരാര്‍ വഴിയാണ് വിവാഹം നടന്നത്. എന്നിരുന്നാലും വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടുകാര്‍ മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്ന് രാജ്കുമാര്‍ അവകാശപ്പെടുന്നു.

‘അവര്‍ എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി, നിര്‍ബന്ധിച്ച് നമസ്‌കരിപ്പിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു, മതം മാറ്റാന്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഞാന്‍ വിവാഹമോചനം നേടി’ – യുവാവ് ആരോപിച്ചു. ഭാര്യയുമായി പിന്നീട് അനുരഞ്ജനത്തിലെത്തുകയും ഹിന്ദു ആചാര പ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് രാജ്കുമാര്‍ പറഞ്ഞു.

താന്‍ ഈദ് സമയത്ത് അഫ്രോസിന്റെ മാതൃവീട്ടില്‍ പോയിരുന്നു. ഇതോടെ സ്ഥിതി വീണ്ടും വഷളായി. നാല് മാസം പ്രായമുള്ള മകന് മാംസം നല്‍കുന്നത് കണ്ടതായി യുവാവ് പറയുന്നു. ‘ഞാന്‍ എതിര്‍ത്തപ്പോള്‍, ബന്ധുക്കള്‍ വീണ്ടും എന്നെ മതം മാറ്റാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയോ എന്റെ കുട്ടിയുമായി രക്ഷപ്പെട്ടു’ – യുവാവ് പറഞ്ഞു.

യുവാവ് പൊലീസിനെ സമീപിച്ച്, സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവാവിന്റെ ആരോപണത്തില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് വ്യക്തമല്ല.

 

Back to top button
error: