കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ ‘മീഡിയ വണി’നെതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍; ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കുന്നു; ചര്‍ച്ച് ആക്ട് വരുമെന്ന് ചാനല്‍ പരിപാടിയില്‍ പ്രചരിപ്പിച്ചെന്നും ആരോപണം

ന്യൂഡല്‍ഹി: കത്തോലിക്ക സഭയ്‌ക്കെതിരേ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ലേഖനം വന്നതു പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ചാനലായ മീഡിയ വണിനെതിരേ രൂക്ഷ വിമര്‍ശനം. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ചാനല്‍ വഖഫ് ബില്ലില്‍ പിന്തുണ ലക്ഷ്യമിട്ട് ‘ചര്‍ച്ച് ആക്ടി’ന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നെന്നും ലേഖനത്തില്‍ പറയുന്നു.
ചാനല്‍ അടുത്തിടെ സംപ്രേഷണം ചെയ്ത ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്നും ക്രിസ്ത്യാനികളുടെ ഭൂമികള്‍ പിടിച്ചെടുക്കുമെന്നും പറഞ്ഞെന്നാണു ലേഖനത്തില്‍ ആരോപിക്കുന്നത്. ഈ പറയുന്ന ചര്‍ച്ച് ആക്ടും വഖഫ് ബില്ലും ഒരുപോലെയാണെന്നു വരുത്തി തീര്‍ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കു സമാനമായ അവസ്ഥയുണ്ടാകുമെന്നും ചര്‍ച്ചയില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പുള്ള പോളിസി പ്രൊപ്പോസലുകള്‍ ആരംഭിച്ചെന്നും പറയുന്നു.
‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഹിന്ദു വിഭാഗക്കാരോടുള്ള അടുപ്പകൂടുതല്‍ കൊണ്ടുള്ള ഭയമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള അനുഭാവം കൂടുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനു കാരണം. വഖഫ് ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതിനുശേഷം ക്രിസ്ത്യാനികള്‍ക്കിടയില്‍ ബിജെപിയോടുള്ള അനുഭാവം വര്‍ധിച്ചു. മീഡിയ വണിന്റെ പ്രവൃത്തി ഇതാദ്യമല്ല. ദേശീയ സുരക്ഷയുടെ പേരില്‍ 2022ല്‍ വാര്‍ത്താവിതരണ മന്ത്രാലയം ചാനലിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ മുസ്ലിം യുവാക്കളെ തീവ്രനിലപാടിലേക്കു തള്ളിവിടുന്നതില്‍ മീഡിയ വണിനു നിര്‍ണായക സ്ഥാനമുണ്ട്. വ്യാജ വാര്‍ത്തകളും കെട്ടിച്ചമച്ച ചര്‍ച്ചകളുമാണു സംപ്രേഷണം ചെയ്യുന്നത്.’- ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു.

കത്തോലിക്കാ സഭയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഏപ്രില്‍ മൂന്നിനു പ്രസിദ്ധീകരിച്ച ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചിരുന്നു. ‘ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമിയുള്ളത്?’ കാത്തലിക് ചര്‍ച്ച് – വഖഫ് ബോര്‍ഡ് സംവാദം’ എന്ന പേരിലായിരുന്നു ലേഖനം പ്രസിധീകരിച്ചത്. ‘സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോര്‍ഡാണെന്ന് വര്‍ഷങ്ങളായി ഒരു പൊതു വിശ്വാസം നിലവിലുണ്ട്. എന്നിരുന്നാലും, രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ഡാറ്റയുമായി ഈ അവകാശവാദം പൊരുത്തപ്പെടുന്നില്ല. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂമി കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥത സഭയ്ക്കുണ്ട്’
രാജ്യത്തുടനീളം കത്തോലിക്കാ സഭയ്ക്ക് ഏകദേശം 17.29 കോടി ഏക്കര്‍ (7 കോടി ഹെക്ടര്‍) ഭൂമിയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.സഭയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്, ഇത് ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സഭയെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നു. 2012 ലെ കണക്കനുസരിച്ച്, കത്തോലിക്കാ സഭയ്ക്ക് 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍ അല്ലെങ്കില്‍ നഴ്‌സിംഗ് കോളജുകള്‍, 28 ജനറല്‍ കോളജുകള്‍, 5 എഞ്ചിനീയറിംഗ് കോളജുകള്‍, 3,765 സെക്കന്‍ഡറി സ്‌കൂളുകള്‍, 7,319 പ്രൈമറി സ്‌കൂളുകള്‍, 3,187 നഴ്‌സറി സ്‌കൂളുകള്‍ എന്നിവ വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലായി ഉണ്ട്. 1927 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പാസാക്കി, ഇത് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകള്‍ക്ക് സൗകര്യമൊരുക്കി’
‘ആദിവാസി, ഗ്രാമീണ സമൂഹങ്ങളില്‍ നിന്നുള്ള ഭൂവുടമകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതോ – ചില സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധിച്ചതോ ആയ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്, തുടര്‍ന്ന് അവരുടെ ഭൂമി സഭയുമായി ബന്ധപ്പെട്ട സംഘടനകള്‍ ഏറ്റെടുത്തു. ഈ ആരോപണങ്ങള്‍ സഭ നിഷേധിക്കുന്നുണ്ടെങ്കിലും, മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, ഇത് ഇന്ത്യയുടെ സാമൂഹിക-മത ഭൂപ്രകൃതിയില്‍ മിഷനറി സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നു. ഒരുകാലത്ത് തദ്ദേശീയ സമൂഹങ്ങളുടെ വകയായിരുന്ന ഗോത്ര ഭൂമികള്‍ ക്രമേണ വിവിധ കാരണങ്ങളാല്‍ സഭാ അധികാരികള്‍ക്ക് കൈമാറിയ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്- ലേഖനത്തില്‍ പറയുന്നു.
എംപുരാന്‍ സിനിമ റിലീസ് ചെയ്തിനു പിന്നാലെ കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുന്ന നിരവധി ലേഖനങ്ങളാണ് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ എംപുരാന്‍ സിനിമയോടു ഭേദപ്പെട്ട നിലപാടു സ്വീകരിച്ച ബിജെപി നേതാക്കള്‍ക്കുപോലും ഇതുമൂലം പിന്നീടു നിലപാടു തിരുത്തേണ്ടിവന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ടും മുനമ്പം വിഷയവുമായി ബന്ധപ്പെട്ടും ഓര്‍ഗനൈസര്‍ എഴുതിയിരുന്നു.