KeralaNEWS

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ്; സിപിഎമ്മില്‍ ആശയക്കുഴപ്പം

മധുര: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാര്‍ട്ടി കോണ്‍ഗ്രസിനിടെ വന്ന കേസ് സംബന്ധിച്ചു കേരളത്തിലെ സിപിഎം പ്രതിനിധികള്‍ സംയുക്ത പ്രതിരോധം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിട്ടുണ്ട്.

പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനൊപ്പം നിരവധി കേരള നേതാക്കളും ഇതിനെ രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പ്രതികരിച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്. എസ്എഫ്ഐഒ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ നിയമപരമായ മാര്‍ഗം തിരഞ്ഞെടുക്കുമെന്ന് മുഹമ്മദ് സലിം വ്യക്തമാക്കി. ഇതോടെയാണ് വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും പുറത്തുവന്നത്.

Signature-ad

പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടന്ന മാധ്യമ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനും മുഖ്യമന്ത്രിക്കുമെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് സലിം പറഞ്ഞു. ഇതിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ അന്വേഷണം നേരിടുന്നവര്‍ നിയമപരമായ വഴിയ്ക്കു പോകും. അവര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയോ ബന്ധപ്പെട്ട വ്യക്തിയോ നിയമപരമായ സഹായം തേടുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ബന്ധപ്പെട്ട കക്ഷി കേസില്‍ പോരാടുമെന്നും പാര്‍ട്ടി ഈ വിഷയത്തില്‍ ഇടപെടില്ലെന്നും എന്ന വ്യക്തമായ സൂചനയാണ് സലിം നല്‍കിയത്.

കുടുംബാംഗങ്ങളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ തങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടാന്‍ തയ്യാറാണെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് പുരോഗമിക്കുന്ന സമയത്തുള്ള കേന്ദ്രത്തിന്റെ ഈ നീക്കം ഭരണകക്ഷിയായ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വമായ നടപടിയായി പല നേതാക്കളും കാണുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നേതാക്കള്‍ പറയുന്നു.

ഈ നീക്കത്തിന് പിന്നില്‍ മനഃപൂര്‍വമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംശയം പ്രകടിപ്പിച്ചു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ഒരു സെഷനില്‍ പങ്കെടുക്കുമ്പോഴാണ് എസ്എഫ്ഐഒ നടപടി ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീക്കത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. രണ്ട് കമ്പനികള്‍ തമ്മിലുള്ള കരാറില്‍ സഹായിക്കാന്‍ സര്‍ക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ ഈ വിഷയവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്നു മൂന്ന് വിജിലന്‍സ് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഹൈക്കോടതിയും ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞെന്നും ഗോവിന്ദന്‍ പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എകെ ബാലന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിച്ച് രംഗത്തെത്തി. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എസ്എഫ്ഐഒ നീക്കം വന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേരള പാര്‍ട്ടി ഘടകം മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കേരള മോഡലിനെ ഒരു ബദലായി പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് വാര്‍ത്തകളില്‍ ഇടം നേടിയത് എന്നതും ശ്രദ്ധേയമാണ്.

 

Back to top button
error: