CrimeNEWS

6 വയസ്സുകാരി മകളും അമ്മായിയമ്മയും അടക്കം 3 പേരെ വെടിവെച്ചുകൊന്നു; അതേ തോക്കുകൊണ്ട് ജീവനൊടുക്കി യുവാവ്

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി. ബലേഹൊന്നൂര്‍ സ്വദേശി രത്നാകര്‍ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭര്‍ത്താവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

രത്നാകറുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യയുടെ വീട്ടില്‍വെച്ച് ഭാര്യാമാതാവുമായി തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരീഭര്‍ത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്.

Signature-ad

എട്ടുവര്‍ഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്. രണ്ടുവര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് രത്നാകര്‍. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതി തോക്ക് ഉപയോഗിച്ചാണ് സ്വയംജീവനൊടുക്കിയത്. ഇതിന് മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

‘ഞാന്‍ എന്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച് രണ്ടുവര്‍ഷംമുമ്പ് വിട്ടുപോയി. മകളെപ്പോലും ഉപേക്ഷിച്ചാണ് അവള്‍ പോയത്. മകള്‍ ഇപ്പോള്‍ എനിക്കൊപ്പമാണ്. എന്റെ ജീവിതം, എന്റെ സന്തോഷം, അവളുടെ പ്രണയം എല്ലാം പോയി. മകളോട് അവളുടെ കൂടെ പഠിക്കുന്നവര്‍, അമ്മയെവിടെ എന്ന് ചോദിക്കുന്നു. എന്റെ അനുവാദമില്ലാതെ ഒരുദിവസം ആല്‍ബത്തില്‍നിന്ന് ഫോട്ടോ എടുത്ത് അവളുടെ സഹപാഠികള്‍ക്ക് കാണിച്ചുകൊടുത്തു. അമ്മയെവിടെയെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നത് അവളെ വേദനിപ്പിക്കുന്നു’- എന്നാണ് രത്നാകര്‍ പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍. സംഭവത്തില്‍ പോലീസ് രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

Back to top button
error: