CrimeNEWS

എക്സ്ട്രാ നടിയായുള്ള പരിചയം സിനിമാമേഖലയുമായി അടുപ്പിച്ചു; മൂന്നു സിനിമകളില്‍ മുഖം കാണിച്ചു, കഞ്ചാവുമായി പിടിയിലായ തസ്ലിമ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

ആലപ്പുഴ: രണ്ട് കോടിയിലേറെ വിലവരു ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ക്രിസ്റ്റിനയെന്ന തസ്ലിമ സുല്‍ത്താന വന്‍ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയായ തസ്ളിമ തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായും സ്‌ക്രിപ്റ്റ് പരിഭാഷകയുമായി പ്രവര്‍ത്തിച്ചിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ചു.

തൃക്കാക്കര കേന്ദ്രീകരിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടര്‍ന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്.

Signature-ad

തമിഴ്നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന ക്രിസ്റ്റീനയെന്ന തസ്ളീമ സുല്‍ത്താന്‍ (41), ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസ് (26) എന്നിവരെയാണ് എക്സൈസ് ചൊവ്വാഴ്ച രാത്രി വിദഗ്ദ്ധമായി വലയിലാക്കിയത്. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പലര്‍ക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന് തസ്ളീമ വെളിപ്പെടുത്തി. ഇവരുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും തസ്ളീമയുടെ ഫോണില്‍ നിന്ന് ലഭിച്ചു.

രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ഓമനപ്പുഴയിലെ റിസോര്‍ട്ടിന് സമീപം ഇരുവരും കാറില്‍ വന്നിറങ്ങിയപ്പോള്‍ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ഭര്‍ത്താവും രണ്ട് കൊച്ചുകുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്ക്കെടുത്ത കാറില്‍ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭര്‍ത്താവിനെയും മക്കളെയും വഴിയില്‍ ഇറക്കിയശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോര്‍ട്ടിലെത്തിയത്. ബാഗില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മണിക്കൂറുകളോളം ഉന്‍മാദം കിട്ടുന്ന കനാബി സിന്‍സിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. സാധാരണ കഞ്ചാവിന് ഗ്രാമിന് പരമാവധി മുന്നൂറ് രൂപയാണ് വിലയെങ്കില്‍ ഇവയ്ക്ക് ഗ്രാമിന് പതിനായിരംവരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: