IndiaNEWS

‘കോമയിലായിരുന്ന’ രോഗി ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി! സ്വകാര്യ ആശുപത്രിയിലെ തട്ടിപ്പ് വൈറല്‍

ന്യൂഡല്‍ഹി: ആശുപത്രി അധികൃതര്‍ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവില്‍ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങള്‍ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകള്‍ കേട്ട് ബന്ധുക്കള്‍ പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തേക്ക് യുവാവ് നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വിഡിയോ വൈറലാണ്.

നാട്ടിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ദീന്‍ദയാല്‍ നഗറിലെ താമസക്കാരനായ ബന്തി നിനാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്നും, കോമയിലായെന്നുമായിരുന്നു (അബോധാവസ്ഥയില്‍) ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും പറഞ്ഞു. ചികിത്സക്കായി ഒരു ലക്ഷം രൂപ ഉടനടക്കണമെന്നും പറഞ്ഞു.

Signature-ad

സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിടുന്ന കുടുംബം പണത്തിനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്റെ പുറത്തിരുന്ന ബന്ധുക്കള്‍ക്ക് മുന്നിലേക്ക് രോഗി ഇറങ്ങി വന്നത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയില്‍, ‘അബോധാവസ്ഥയിലായിരുന്ന’ നിനാമ ഐസിയുവില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത് കാണാം. ഡോക്ടര്‍മാര്‍ വിശദീകരിച്ചതുപോലെയുള്ള ഗുരുതരമായ പരിക്കുകളുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അഞ്ച് ആശുപത്രി ജീവനക്കാര്‍ തന്നെ ബലമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും അവസരം ഒത്തുവന്നതോടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ‘മകന്റെ നട്ടെല്ലിന് പൊട്ടലുണ്ടെന്നും കോമയിലായെന്നു അവര്‍ ഞങ്ങളോട് പറഞ്ഞു. വിലകൂടിയ മരുന്നുകളുടെ കുറിപ്പടികള്‍ തന്നു, അതെല്ലാം വാങ്ങി നല്‍കി. തുടര്‍ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ കൂടി അടക്കാന്‍ പറഞ്ഞു. പണത്തിനായി ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകള്‍ കയറിയിറങ്ങിയാണ് പണം ശേഖരിച്ചതെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു’.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയില്‍ നടന്ന തട്ടിപ്പുകള്‍ക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. രോഗി വലിയ മെഡിക്കല്‍ തട്ടിപ്പിനാണ് ഇരയായതെന്നും ആശുപത്രിക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ മികച്ച സൗകര്യമൊരുക്കിയാല്‍ സ്വകാര്യ ആശുപത്രികളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമെന്നും പ്രതികരണങ്ങള്‍ ഉണ്ട്.

 

 

Back to top button
error: