സാധാരണ ഒരു വീടല്ല എന്റേത്, അച്ഛന്‍ നക്സലൈറ്റായിരുന്നു; സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി നിഖില

അടുത്തിടെയാണ് നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഒപ്പം സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും പങ്കുവച്ചു. അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നിഖില.
‘നിങ്ങളിത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. പെട്ടെന്നൊരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതൊന്നുമല്ല. എന്റെ ചേച്ചിയായതാണ് അവള്‍ക്ക് ഈയടുത്തുണ്ടായ ഈ ബുദ്ധിമുട്ടിന് കാരണം. അവള്‍ ഭയങ്കര എഡ്യുക്കേറ്റഡാണ്. അക്കാദമിക്കായി നമ്മളെക്കാള്‍ മുകളില്‍ നില്‍ക്കുന്നയാളാണ്, ബുദ്ധിയുള്ളയാളാണ്. അവളുടെ ലൈഫില്‍ അവളെടുക്കുന്ന ഒരു ചോയിസിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് 36 വയസായി. അങ്ങനെയുള്ള ആള്‍ അവരുടെ ലൈഫില്‍ ഒരു തീരുമാനമെടുക്കുന്നത് നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല.

അവള്‍ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയതല്ല. ശാസ്ത്രമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാം ചെയ്തിട്ടാണ് പോയത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി നമ്മള്‍ വാതോരാതെ സംസാരിക്കും. എന്നാല്‍ ഒരു വ്യക്തി ഒരു സ്വാതന്ത്ര്യമെടുക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യും. അവള്‍ അടിപൊളിയായിട്ടുള്ളയാളാണ്.
സിനിമയില്‍ ജോലി ചെയ്യുന്നതുകൊണ്ട് ഞാന്‍ പോപ്പുലറായി. അക്കാദമിയില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരെ നമുക്കറിയില്ല. ബുദ്ധിയുള്ളതുകൊണ്ടും, നന്നായി പഠിച്ചതുകൊണ്ടും അവള്‍ ആ നിലയിലെത്തി. അവരെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആരുമല്ല.
ഞാന്‍ സിനിമയില്‍ അഭിനയിച്ചതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ. അവളുടെ തീരുമാനത്തില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ ലൈഫില്‍ അവള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കറക്ടായിരിക്കുമെന്നെനിക്കറിയാം. എന്നെപ്പോലെ മണ്ടത്തരം പറ്റുന്നൊരാളല്ല. ഞാനാണ് അത് ചെയ്തതെങ്കില്‍ അത് വാര്‍ത്തയായിരുന്നു. 50 ദിവസം നിങ്ങള്‍ക്ക് വേണമെങ്കില്‍ ചര്‍ച്ചയാക്കാമായിരുന്നു. അവളുടെ കാര്യത്തില്‍ അതിനൊരു വാര്‍ത്താ പ്രാധാന്യമോ, ആര്‍ക്കും ഞെട്ടലോ ഇല്ല. അവള്‍ സമാധാനമായി ജീവിക്കുന്നു. അവള്‍ക്ക് വേണ്ടതെല്ലാം അവള്‍ ചെയ്തിട്ടുണ്ട്. യാത്രകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫിയൊക്കെ ഇഷ്ടമുള്ള, ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ്. മണ്ടത്തരം പറ്റി പോയതല്ല. ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ളയാളെന്ന് പറയുമ്പോള്‍ അവളെ കാണിക്കാം.
ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. നമുക്കിതിനെപ്പറ്റി കാര്യമായി അറിയില്ല. അത്രയും വിവരമോ, ബുദ്ധിയോ വിദ്യാഭ്യാസമോ എനിക്കില്ല. കേള്‍ക്കുന്ന നിങ്ങള്‍ക്ക് ഞെട്ടലുണ്ടെന്നല്ലാതെ ഞങ്ങള്‍ക്കില്ല. സാധാരണ ഒരു വീട്ടില്‍ ആളുകള്‍ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്റെ വീട്ടില്‍ അങ്ങനെയല്ല, വ്യത്യാസമാണ്. എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു. നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ. നോര്‍മലായ ഒരു വീടല്ല എന്റേത്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. എന്റെ വീട്ടുകാര്‍ക്കില്ലാത്ത ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല.’-നിഖില വിമല്‍ പറഞ്ഞു.