CrimeNEWS

നമ്പര്‍ ബ്ലോക്ക് ചെയ്തതില്‍ വൈരാഗ്യം; യുവതിയുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ശ്രമം, അക്ഷയ സെന്റര്‍ ഉടമ പിടിയില്‍

എറണാകുളം: ആലുവയില്‍ 53 വയസ്സുകാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത് മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു കടുങ്ങല്ലൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ അക്ഷയ സെന്റര്‍ നടത്തുന്ന കയന്റിക്കര കൊല്ലംകുന്നില്‍ അലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഫലമായത്.

സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: വീട്ടുജോലിക്കാരിയായ യുവതിയും പ്രതിയും മുന്‍ പരിചയക്കാരാണ്. ഇവര്‍ തമ്മില്‍ അകന്നതിനെ തുടര്‍ന്നു യുവതി പ്രതിയോടു വീട്ടില്‍ വരരുതെന്നു നിര്‍ദേശിക്കുകയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. യുസി കോളജിനു സമീപത്തെ വീട്ടില്‍ ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ യുവതി സ്‌കൂട്ടറില്‍ കച്ചേരിക്കടവ് റോഡിലൂടെ വരുമ്പോള്‍ പ്രതി ബൈക്ക് വട്ടം വച്ചു കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോള്‍ ഒഴിക്കുകയുമായിരുന്നു.

Signature-ad

യുവതി അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെട്ടു. തുടര്‍ന്നു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ എത്തി മൊഴിയെടുത്താണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Back to top button
error: