തിരുവനന്തപുരം: ഏക മകന്റെ വേര്‍പാടില്‍ മനം നൊന്ത് കഴിഞ്ഞിരുന്ന ദമ്പതികളെ മകന്റെ ഒന്നാം ഓര്‍മദിനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടട അറപ്പുര ക്ഷേത്രത്തിനു സമീപം അറപ്പുര ലെയ്ന്‍ ഹൗസ് നമ്പര്‍ 53 എയില്‍ സ്നേഹദേവ് (61), ഭാര്യ ശ്രീകല (56) എന്നിവരെയാണ് മഠത്തുവിളാകം കടവിനു സമീപം നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ നാട്ടുകാരാണ് ആദ്യം ശ്രീകലയുടെയും പിന്നാലെ സ്നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയില്‍ എത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം കണ്ടെത്തി.
ദമ്പതികളുടെ മകന് ശ്രീദേവ് (22) മരിച്ചത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 3ന് ആണെങ്കിലും നക്ഷത്രപ്രകാരം ഇന്നലെയായിരുന്നു വാര്ഷികച്ചടങ്ങു ദിനം. പേരൂര്‍ക്കട ലോ കോളജ് ലോ അക്കാദമിയിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച ശ്രീദേവിനെ പരിശോധിച്ച ഡോക്ടര്‍, ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അവിടെ എത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു.
അകാലത്തില്‍ മരണമടഞ്ഞ മകനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം സ്നേഹദേവിന്റെയും ശ്രീകലയുടെയും മനസ്സില്‍. മകന്റെ ഓര്‍മ്മയ്ക്കായി ശ്രീദേവ് സ്നേഹദേവ് ട്രസ്റ്റ് എന്നപേരില്‍ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സംഘടന രൂപവത്കരിച്ചു. സാധാരണക്കാര്‍ക്ക് സഹായം നല്‍കുന്നതിനായി രൂപവത്കരിച്ച സംഘടനയുടെ ഓഫീസ് പ്രവര്‍ത്തിച്ചത് നാലാഞ്ചിറ മുട്ടട അറപ്പുര ലെയ്നിലെ ഇവരുടെ വീട്ടില്‍ത്തന്നെയായിരുന്നു.
മകന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 18-ന് വീട്ടില്‍ നടന്ന പരിപാടിയില്‍വെച്ച് 20 പേര്‍ക്ക് 2000 രൂപ വീതം നല്കി. ഇവര്‍ക്ക് വര്‍ഷം തോറും നല്‍കാനുള്ള പണം കരുതിയിട്ടുണ്ടെന്നാണ് വിവരം. വീടും സ്ഥലവുമുള്‍പ്പെടെയുള്ള സമ്പാദ്യമെല്ലാം ട്രസ്റ്റിന്റെ പേരില്‍ എഴുതിവെച്ചതായും അതിനാല്‍ വരുംവര്‍ഷങ്ങളിലും സഹായം മുടങ്ങില്ലെന്നും ചടങ്ങില്‍ സംസാരിച്ച ശ്രീകല എല്ലാവരെയും അറിയിച്ചിരുന്നു. പരിപാടി കഴിഞ്ഞ്, ഇനിയൊരു തീര്‍ത്ഥയാത്ര പോകുമെന്നും മകന്റെ വാര്‍ഷിക ചടങ്ങുകള്‍ മൂന്നിന് നടത്തണമെന്നും അടുത്ത പരിചയക്കാരോട് ഇരുവരും പറഞ്ഞു. എന്നാലവര്‍ പറഞ്ഞ തീര്‍ത്ഥയാത്രയുടെ അര്‍ഥം, ഇതുപോലൊരു വേര്പാടായിരിക്കുമെന്ന് ആരും കരുതിയില്ല.
മതിയായ ചികിത്സ ലഭിക്കാത്തതാണ് മകന്റെ മരണത്തിനു പിന്നിലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 5 ദിവസം മുന്‍പ് റെയില്‍വേയില്‍ ജോലി ചെയ്യുന്ന സഹോദരനെ കാര്‍ ഏല്പിക്കാന് ദമ്പതികള്‍ ശ്രമിച്ചിരുന്നു. കുറച്ചു ദിവസം കാണില്ലെന്നും ക്ഷേത്രദര്‍ശനത്തിനു പോകുന്നുവെന്നുമാണ് പറഞ്ഞത്. പക്ഷേ, സഹോദരന് കാറിന്റെ താക്കോല്‍ മടക്കി നല്കി. തുടര്‍ന്നാണ് ദമ്പതികള്‍ അരുവിപ്പുറത്ത് എത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ഇവര്‍ ക്ഷേത്രത്തിനു സമീപം നടന്നു പോകുന്നതു കണ്ടവരുണ്ട്. സ്നേഹദേവ് ‘തലസ്ഥാന പത്രിക’ എന്ന പേരില്‍ ഇടക്കാലം വരെ പത്രം നടത്തിയിരുന്നു. സ്വകാര്യ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലെ അധ്യാപികയായിരുന്നു ശ്രീകല.