തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കടന്ന് യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ജോണ്സണ്
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെങ്കിലും ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. ദീര്‍ഘകാലം എറണാകുളത്തായിരുന്നു താമസം. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ റീലുകളുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്നെയാണ് ആതിരയുമായി അടുത്തത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു.
ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിരയെ ഇയാള്‍ ഭീഷണിപ്പെടുത്തിയ വിവരം ഭര്‍ത്താവ് രാജീവിനും അറിയാമായിരുന്നു. ഇടയ്ക്കിടെ പ്രതി കഠിനംകുളം പരിസരത്തു വന്ന് താമസിക്കാറുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെരുമാതുറ ജങ്ഷനിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവിടെ വരുമ്പോള്‍ ഇയാളുടെ താമസം. വിവിധ ജോലികള്‍ക്കായി വന്നുവെന്നായിരുന്നു വീട്ടുടമയോടു പറഞ്ഞിരുന്നത്.
ജോണ്സണ് കോട്ടയത്ത് പിടിയിലായപ്പോള്‍ വിഷം കഴിച്ച നിലയിലായിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെ കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീയെ ഉപദ്രവിച്ചതിനും മോഷണക്കുറ്റത്തിനും നേരത്തേ കേസുകളുള്ളതായി പോലീസ് പറയുന്നു
ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്സണ്. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു.
വിഷം കഴിച്ചതായി ഇയാള്‍ പോലീസിനോടു പറഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ഇയാള്‍ വ്യാഴാഴ്ച രാവിലെതന്നെ വിഷം കഴിച്ചിരുന്നതായാണ് സൂചന. ചൊവ്വാഴ്ച കൊലനടത്തിയശേഷം ഇയാള്‍ ചിറയിന്‍കീഴിലെത്തി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായിപ്പോകുന്നതിന്റെ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു.