തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലില്‍ മധ്യമേഖലാ ജയില്‍ ഡിഐജി പി.അജയകുമാറും ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരെയും സസ്പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാര്‍ ശുപാര്‍ശ ചെയ്തെന്നാണു വിവരം. ഇന്നു ജയില്‍ വകുപ്പ് മേധാവിക്കു നല്കുന്ന ഈ റിപ്പോര്‍ട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.
അപേക്ഷ നല്‍കാതെയും ഗേറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി, സൂപ്രണ്ടിന്റെ മുറിയില്‍ തടവുകാരനു ശൗചാലയ സൗകര്യം നല്കി എന്നിവയാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ തൃശൂരിലെ ‘പവര്‍ ബ്രോക്കര്‍’.
ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നല്കി. മേലുദ്യോഗസ്ഥനെതിരെ മൊഴി നല്കാന് തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണു സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിഐജിയുടെ പരിശോധനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍നിന്ന്, കാറില്‍ മധ്യമേഖലാ ജയില്‍ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.