മാധ്യമപ്രവർത്തനം മര്യാദയുടെ സീമകൾ ലംഘിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ആരെയും എന്തും പറയാം. ഏത് അധിക്ഷേപവും ചൊരിയാം. നിരപരാധിയെ കുറ്റവാളിയാക്കാം. കുറ്റവാളിയെ വെള്ളപൂശാം. പക്ഷേ മാധ്യമങ്ങളെ പിണക്കിയാൽ മാനം ഇടിഞ്ഞു വീഴും എന്ന തെറ്റിദ്ധാരണയിൽ ആരും എതിർ സ്വരം ഉയർത്താറില്ല. പക്ഷേ വാർത്ത പൂർണമായും വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും തെളിഞ്ഞാലും വീണ്ടു അസത്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. വ്യക്തിഹത്യയുടെ അടർക്കളമായി മാറി കേരളത്തിലെ മാധ്യമപ്രവർത്തനം.
ഒടുവിൽ കേരളത്തിലെ പ്രധാനപ്പെട്ട 2 മാധ്യമപ്രവർത്തകർക്കൊപ്പം ഒരു ടെലിവിഷൻ ചർച്ചാകാരനും നിയമക്കുരുക്കിൽ.
അവഹേളന പരാമർശം നടത്തിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ അവതാരകൻ വിനു വി ജോണിനോട് നേരിട്ട് ഹാജരാകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിൻ്റെ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി.
ഇതോടൊപ്പം, അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെയും യുവജന കമ്മീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതകളെ രാഹുൽ ഈശ്വർ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ അഭിപ്രായപ്പെട്ടു. ‘ദിശ’ എന്ന സംഘടനയുടെ പരാതിയിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ, കലോത്സവത്തിലെ ദ്വയാർത്ഥ പ്രയോഗത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ ഒന്നാം പ്രതിയാണ്. തിരുവനന്തപുരം കൺന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കേസിലെ രണ്ടാം പ്രതി റിപ്പോർട്ടർ ഷഹബാസാണ്. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോർട്ടർ മൂന്നാം പ്രതിയാണ്. കലോത്സവ റിപ്പോർട്ടിംഗിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നതാണ് കേസിനാധാരം. അരുൺ കുമാർ സഭ്യമല്ലാത്ത ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.