KeralaNEWS

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി; മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം കൂടി നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. എന്‍.പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയ്ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങള്‍ അയച്ചു പ്രതിഷേധിച്ചിരുന്നു. അതേസമയം, മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ആരോപണവിധേയനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലൃഷ്ണനെ കഴിഞ്ഞദിവസം സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.

അതിനിടെ പ്രശാന്തിനു മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനു ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്.

Signature-ad

സാമൂഹമാധ്യമ കുറിപ്പിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനും പദ്ധതി നിര്‍വഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകള്‍ കാണാനില്ലെന്നും സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജര്‍ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പുറത്തുവന്നതോടെയാണ് സാമൂഹമാധ്യമത്തിലൂടെ, എല്ലാ സര്‍വിസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: