ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിസാരി ഗേറ്റ് മേഖലയിലാണ് സംഭവം. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇവരുടെ പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്.
എല്ലാ മൃതദേഹങ്ങളുടെ തലയിലും ഭാരമുള്ള എന്തോ ഉപയോഗിച്ച് അടിച്ചതെന്ന് തോന്നിക്കുന്ന മുറിവുകളുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാവൂ എന്ന് എസ്.എസ്.പി. വിപിന്‍ ടാഡ അറിയിച്ചു. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പ്രാഥമികമായി മനസിലാക്കാനാവുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അസ്വാഭാവികമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് പോലീസ് പരിസരവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മേല്‍ക്കൂര വഴിയാണ് പോലീസ് സംഘം അകത്തുകടന്നത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞിരുന്നു.
കുടുംബാംഗങ്ങളെ ബുധനാഴ്ച വൈകിട്ടുവരെ പുറത്തേക്കൊന്നും കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പ്രതികരിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വീട് ഫോറന്‍സിക് സംഘം പരിശോധിച്ചു. ക്രൂരകൃത്യം നടന്നതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.