NEWSWorld

മഹിളകളേ അർമാദിക്കാം: ദുബൈയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് !

    ദുബൈ വീണ്ടും ചരിത്രം കുറിക്കുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ബീച്ച്  ഉടൻ തുറക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. അൽ മംസർ കോർണിഷ് പുനർവികസനത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് സുരക്ഷിതവും സ്വകാര്യവുമായ ഒരു വിശ്രമസ്ഥലം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ വർഷം തന്നെ ഇത് തുറക്കും.

സ്ത്രീകളുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബീച്ചിൻ്റെ വിസ്തൃതി125,000 ചതുരശ്ര മീറ്ററാണ്. രാത്രിയിൽ നീന്താനുള്ള സൗകര്യങ്ങൾ, അത്യാധുനിക വിനോദ കായിക ക്ലബ്ബ്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി ഈ പ്രദേശം വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചിരിക്കുന്നു. സ്ത്രീകൾക്ക് ശാന്തമായി വിശ്രമിക്കാനും ആസ്വദിക്കാനും സഹായകമാകും ഇത്.

Signature-ad

വിനോദത്തിന് ഊന്നൽ നൽകുന്നതിനോപ്പം, അൽ മംസർ ക്രീക്ക് ബീച്ചിനെയും അൽ മംസർ പാർക്കിനെയും ബന്ധിപ്പിച്ച് 1,000 മീറ്റർ ദൈർഘ്യമുള്ള ഓട്ടം, നടത്തം, സൈക്ലിംഗ് പാതകളും ഇവിടെ ഉണ്ടാകും. സുസ്ഥിരതയ്ക്കും രൂപകൽപ്പനയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ബീച്ച് നിർമ്മിക്കുന്നത്.

ദുബൈയിയെ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്നതാണ് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാട്.  അതിനനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബൈയുടെ ഭാവി അഭിലാഷങ്ങൾക്ക് അനുയോജ്യമായ നൂതനവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.  2023 ൽ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനോടകം 45 ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: