തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്നു പരാതി. പള്ളി അങ്കണത്തില്‍ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്‌ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്റെ വിരട്ടല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര്‍ വിവരം ധരിപ്പിച്ചു. എസ്‌ഐക്കു ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാന്‍ തയാറായില്ലത്രെ.
തുടര്‍ന്നു സുരേഷ്‌ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കാരള്‍ ഗാനാലാപനത്തിന് അനുമതി നല്‍കാന്‍ പൊലീസ് തയാറായില്ല. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കാരള്‍ ഗാനം മുടങ്ങുന്നതെന്നും പരാതി നല്‍കുമെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.