തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളിയെ നേമം പൊലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിയായ ഓഖില്‍ പൂജാര്‍(35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 5ന് നേമം സ്കൂളിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്നു പിടിച്ചത്. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി സമീപത്തെ കടക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കടക്കാരും നാട്ടുകാരും തടഞ്ഞുവച്ച് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
അതേസമയം, തടിപ്പണിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍. ബീഹാര്‍ സ്വദേശിയായ സരോജ് കുമാര്‍(36) ആണ് കഴിഞ്ഞദിവസം ചവറ പൊലീസിന്റെ പിടിയിലാത്. പന്മന പോരൂര്‍ക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി സ്ഥാപനത്തില്‍ നിന്നാണ് മോട്ടോര്‍ മോഷണം പോയത്.
കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. മോഷണം നടന്നത് മനസിലാക്കിയ സ്ഥാപനയുടമ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സരോജ് കുമാറാണ് മോട്ടോര്‍ എടുത്തതെന്ന് കണ്ടെത്തുകയായിരുന്നു.