തിരുവനന്തപുരം: നവവധുവായ പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ഇന്ദുജയെ (25) നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്തിന്റെയും പങ്ക് പൊലീസ് പരിശോധിക്കുന്നു. സുഹൃത്ത് അജാസാണ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മര്‍ദിച്ചത്. കാറില്‍വച്ചായിരുന്നു മര്‍ദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നു.
ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാന്‍ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അഭിജിത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. യുവതിയുടെ മരണം ആത്മഹത്യയാണെന്നും കുടുംബ പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു.
ശശിധരന്‍ കാണി, ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജയെ നന്ദിയോട് ഇളവട്ടത്തെ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ലത്രേ. പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുന്‍പ് ആണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഇന്ദുജയ്ക്ക് ശാരീരിക മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നതായി കുടുംബം പറയുന്നു.