കാസര്‍ഗോഡ്: പ്രവാസി വ്യവസായി കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അബ്ദുള്‍ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷമീമ എന്ന ജിന്നുമ്മ പഠിച്ചകള്ളിയാണെന്ന നിഗമനത്തിലാണ് പോലീസ്. തട്ടിപ്പുകള്‍ തൊഴിലാക്കി അതുവഴി കോടികള്‍ സമ്പാദിച്ചു കൂട്ടിയിരുന്നു ഇവര്‍. ഹണി ട്രാപ്പുകാരിയില്‍ നിന്നും ആളുകളെ വരുതിയില്‍ നിര്‍ത്തുന്ന മന്ത്രവാദിനി ജിന്നുമ്മയായി അവര്‍ മാറുകയായിരുന്നു. സമ്പന്നരെ കെണിയില്‍ വീഴ്ത്തിയാണ് ഇവര്‍ ഇവര്‍ പണം സമ്പാദിച്ചത്. സ്വര്‍ണം ഇരട്ടിപ്പിക്കാന്‍ മാത്രമല്ല, എംബിബിഎസ് പരീക്ഷ പാസാകാനും മന്ത്രവാദം ചെയ്തിരുന്നു ഇവര്‍. ഇതെല്ലാം വിശ്വസിച്ച് ഗഫൂര്‍ഹാജി ഇവരുടെ കെണിയില്‍ വീഴുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതി ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ ഇതിനു മുന്‍പും പറ്റിച്ചതായി അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ചൈനയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാന്‍ മന്ത്രവാദം നടത്തിയാല്‍ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങള്‍ നടത്തുകയും ചെയ്തു. ഈ മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഡയമണ്ട് നെക്ലേസാണ് ഷമീനയെന്ന ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസ് തനിക്ക് സമ്മാനമായി നല്‍കിയതാണെന്നാണ് ഷമീന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി.
സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂര്‍ ഹാജിയില്‍നിന്ന് ഷമീന വാങ്ങിയ സ്വര്‍ണം കുടത്തിലിട്ട് അടച്ചുവച്ചുവെന്ന് പറഞ്ഞ് ബോധിപ്പിച്ചു. കൊല നടന്ന ദിവസവും ഗഫൂര്‍ ഹാജി സ്വര്‍ണം നല്‍കിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സണ്‍ പറഞ്ഞു. ആറുമാസത്തിനുള്ളില്‍ കുടം തുറന്നാല്‍ അതിനകത്തെ സ്വര്‍ണം മണ്ണാകുമെന്നും വിശ്വസിപ്പിച്ചു. ഇതൊന്നും ഷമീനയല്ല ഗഫൂര്‍ ഹാജിയോട് പറയുന്നത്. മന്ത്രവാദത്തിനിടെ പാത്തൂട്ടിയെന്ന പെണ്‍കുട്ടിയായി ഇവര്‍ മാറും. പാത്തൂട്ടിയുടെ സ്വരത്തിലും ശരീരഭാഷയിലുമാണ് സംഭാഷണം.
പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളിലെ ശബ്ദസന്ദേശത്തില്‍ പറയുന്ന വിഷയങ്ങളിലേക്കിറങ്ങി, പോലീസ് സമര്‍ഥമായാണ് ഓരോരുത്തരെയും ചോദ്യംചെയ്തത്. ഫോണില്‍നിന്ന് ഈ ശബ്ദസന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും അതെല്ലാം പോലീസ് റിക്കവര്‍ ചെയ്തു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹണിട്രാപ്പിലും പ്രതിയായിരുന്നു ജിന്നുമ്മ. 2013ലാണ് ഇവര്‍ ഹണിട്രാപ്പില്‍ പ്രതികളായത്. 2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഷമീമ ഹണി ട്രാപ്പില്‍ കുരുക്കിയത്. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ കാസര്‍കോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ഇവര്‍ 14 ദിവസം റിമാന്‍ഡിലായിരുന്നു.
പ്രവാസിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോണ്‍ വിളിയിലൂടെയും വശീകരിച്ച് കാസര്‍കോടേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭര്‍ത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഷമീമയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. കേസില്‍ ഇവര്‍ 14 ദിവസം ജയിലില്‍ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വര്‍ണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയ മൂന്നോളം കേസുകള്‍ ജിന്നുമ്മക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ വാക്ക് വിശ്വസിച്ച് ഒരു കുടുംബം വീട്ടില്‍ കൂടോത്രം നടത്തി. സ്വര്‍ണ്ണം വീട്ടിലെ മുറിയില്‍ 40 ദിവസം പൂട്ടിവെക്കണമെന്നും, 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാല്‍ സ്വര്‍ണ്ണം ഇരട്ടിയാകുമെന്നും പറഞ്ഞ് സ്വര്‍ണാഭരണങ്ങ കൈക്കലാക്കി ജിന്നുമ്മ മുങ്ങി. എന്നാല്‍ സംശയം തോന്നി പിറ്റേദിവസം വീട്ടുകാര്‍ മുറി തുറന്നു നോക്കിയപ്പോള്‍ കണ്ടത് ചെളിയും മണ്ണും നിറച്ച ബോക്സാണ്. ജിന്നമ്മയുടെ തട്ടിപ്പില്‍ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാല്‍ നാണക്കേട് കാരണം പലരും പരാതി നല്‍കുന്നില്ലെന്ന് ഡിവൈഎസ്പി പറയുന്നു.
സമ്പന്നരെ ആയിരുന്നു ജിന്നുമ്മ ലക്ഷ്യം വെച്ചിരുന്നത്. തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും മാനം പോകുമെന്ന് ഭയന്ന് ഇവര്‍ വിവരം പുറത്ത് പറയില്ലെന്ന വിശ്വാസത്തിലായിരുന്നു ഇതെന്നും പൊലീസ് പറയുന്നു. വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് സംഘം അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി, സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതി അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നു. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്. അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍.