വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത…വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്താൻ ഹൈക്കമാന്റ് ഇറക്കിയ തുറുപ്പുചീട്ട്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കത്തിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വം നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. പോരാട്ടത്തിനുള്ള നേതൃത്വമെന്ന നിലയിൽ പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം. ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്…വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത… ഇവയെല്ലാം ചേർന്നൊരു സമഗ്ര രാഷ്ട്രീയ പ്രൊഫൈലാണ് ചെന്നിത്തലയുടേത്…കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് രമേശ് ചെന്നിത്തല…
കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം മുതൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും, നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കേരളം നോക്കി കണ്ടതാണ്. സർക്കാരിനെതിരായുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ധൈര്യം കാട്ടിയ നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് കൃത്യമായ കണക്കുകളും രേഖകളും മുന്നോട്ടുവെച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലി രമേശ് ചെന്നിത്തലയുടെ പ്രത്യേകതയാണ്. ഈ നീക്കം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താളവും ദിശയും നൽകാൻ കഴിയുന്ന ഒരു സംഘാടകന്റെ കൈകളിലേക്കാണ് ചുമതല എത്തിച്ചിരിക്കുന്നത്. ജില്ലാതലത്തിൽ നിന്ന് ബൂത്ത് തലത്തിലേക്കുള്ള സംഘടനാ ശൃംഖലയെ സജ്ജമാക്കാൻ ചെന്നിത്തലയ്ക്ക് കഴിയുമെന്ന വിശ്വാസം പാർട്ടിക്കുള്ളിൽ ശക്തമാണ്. വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പരിചയം വലിയ മുതൽക്കൂട്ടാണ്. പ്രചരണ കമ്മിറ്റി ഉപാധ്യക്ഷനായി ശശി തരൂർ കൂടെ ഉണ്ടാകുന്നത് പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടുമെന്നതിൽ തർക്കമില്ല. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ തരൂരിന്റെ സാന്നിധ്യം കോൺഗ്രസ് പ്രചാരണത്തിന് ഒരു ബൗദ്ധിക മേന്മയും രാഷ്ട്രീയ ചർച്ചകളിൽ പ്രാധാന്യവും നൽകും. എന്നാൽ ആ പ്രചാരണത്തിന് നിലത്ത് വേരൂന്നുന്ന കരുത്ത് നൽകുന്നത് രമേശ് ചെന്നിത്തലയായിരിക്കും.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവിശേഷമായ മത്സരത്തിലേക്കാണ് നീങ്ങുന്നത്. ഇത്തരം ഘട്ടത്തിൽ പ്രവർത്തകരെ പ്രചോദിപ്പിക്കുകയും വോട്ടർമാരിലേക്ക് വ്യക്തമായ സന്ദേശം എത്തിക്കുകയും ചെയ്യുന്ന നേതാവിനെയാണ് ആവശ്യം. അതിനുള്ള മറുപടിയായി കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. സംഘടനയുടെ ഓരോ പടിയിലും പരിചയസമ്പന്നനായ ഈ നേതാവ് മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന മുഖമാണെന്ന് കോൺഗ്രസ് പ്രവർത്തകരും നേതൃത്വവും വിശ്വസിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ മികവും സംഘാടകശേഷിയും വീണ്ടും തെളിയിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ദേശീയ നേതൃത്വം.






