KeralaNEWS

കുവൈത്ത് ലോണ്‍ തട്ടിപ്പ് മലയാളികളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തി; പൊലീസ് നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ബാങ്ക്

കുവൈത്ത് സിറ്റി : ലോണ്‍ തട്ടിപ്പ് കേസിലെ കേരളാ പൊലീസ് നടപടികളില്‍ പ്രതീക്ഷയെന്ന് കുവൈത്ത് ബാങ്ക് അധികൃതര്‍. കുവൈത്തില്‍ ജീവിക്കുന്നവര്‍ക്ക് മികച്ച ഭാവിയും അവസരവും ഉണ്ടാകാനാണ് വായ്പകള്‍ നല്‍കിയത്. വായ്പകള്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവരാണ് മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങിയ പലരുമെന്നാണ് അനൌദ്യോഗിക വിവരം. നിയമ നടപടികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ നല്ല പിന്തുണ നല്‍കിയിട്ടുണ്ട്. കുവൈത്തില്‍ വലിയ മതിപ്പ് ഉള്ളതാണ് മലയാളി സമൂഹം. മലയാളികള്‍ ആര്‍ജിച്ച സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റിലെ ബാങ്കിനെ ശതകോടികള്‍ കബളിപ്പിച്ച നഴ്‌സുമാരടങ്ങുന്ന 1425 മലയാളികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേരളത്തില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തില്‍ കണ്ടെത്തി.

Signature-ad

ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വസി കഴിഞ്ഞ നവംബര്‍ അഞ്ചിന് കേരളത്തില്‍ എത്തിയതോടെയാണ് വന്‍ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. 2020 -22 കാലഘട്ടത്തില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേര്‍ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.

സംസ്ഥാന പൊലീസ് ഉന്നതരെ വന്നു കണ്ട ബാങ്ക് അധികൃതര്‍ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതല്‍ 2 കോടി രൂപ വരെയാണ് ഇവരോരുത്തരും കുവൈറ്റിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകള്‍ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക, കാനഡ, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: