രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് പ്രതിഭാഗം!! രണ്ടാഴ്ചയ്ക്കു ശേഷം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന് ജാമ്യം!! ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു.
തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നവാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ഈ വാദം പരിഗണിച്ചുള്ള വിധിയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ഇന്ന് വിശദമായ വാദം കേൾക്കുക.






