Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്ക് ബാധകമല്ല; ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ട് അഭിപ്രായമില്ല, അന്വേഷണം നീതിപൂര്‍വം; മറ്റുള്ളവരുടേത് രാഷ്ട്രീയ അഭിപ്രായമെന്നും തുറന്നടിച്ച് സുകുമാരന്‍ നായര്‍

കോട്ടയം: ഭിന്നശേഷി സംവരണത്തില്‍ സുപ്രീം കോടതി ഉത്തരവ് മറ്റു സമുദായങ്ങള്‍ക്കു കൊടുക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അധ്യാപക നിയമനത്തിനു നാലുശതമാനം ഭിന്നശേഷി സീറ്റുകള്‍ ഒഴിച്ചിട്ടശേഷം നിയമനം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ അതു ചെയ്യാത്തതുകൊണ്ടാണ് കോടതി ഞങ്ങള്‍ക്ക് അനുകൂലമായത്. ഞങ്ങള്‍ ചെയ്യുന്നത് കോടതിക്കു തൃപ്തികരമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി ഇടപെട്ടതുകൊണ്ട് നീതിപൂര്‍വമായ അന്വേഷണം നടക്കുന്നെന്നാണു കരുതുന്നത്. അല്ലാതെ ആരു വിചാരിച്ചാലും ശരിയായി നടക്കില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിചാരിക്കുന്നതു ശരിയാണോ? തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ രണ്ടഭിപ്രായമില്ല. കുറ്റം ചെയ്‌തെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ. ശിക്ഷിക്കപ്പെടട്ടെ. തന്ത്രിയുടെ കാര്യത്തിലാണെങ്കിലും ആരുടെ കാര്യത്തിലാണെങ്കിലും കോടതി നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കണ്ടെത്തുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടട്ടെ.

Signature-ad

മറ്റുള്ളവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയപരമായാണ്. അനുകൂലം, പ്രതികൂലം എന്നൊക്കെ പറയുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ്. തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നും സുകുമാരന്‍ നായര്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച രണ്ടരക്കോടി രൂപയാണ് സംശയത്തിന്റെ അടിസ്ഥാനം. ധനകാര്യ സ്ഥാപനം പൂട്ടിയിട്ടും തന്ത്രി പണം നഷ്ടമായ കാര്യത്തില്‍ പരാതി നല്‍കാത്തതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. 2024 ല്‍ ഒറ്റത്തവണയായാണ് തന്ത്രി ഇത്രയും രൂപ നിക്ഷേപിച്ചത്. ആ പണം എവിടെ നിന്ന് ലഭിച്ചതെന്ന ചോദ്യത്തിന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്ത്രി മറുപടി പറഞ്ഞില്ല. അതിനാല്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പൂട്ടിപ്പോയത്. വലിയ തുക നഷ്ടമായിട്ടും തന്ത്രിക്ക് പരാതി ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണ് എസ്‌ഐടിയുടെ സംശയം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളും സ്വര്‍ണക്കൊള്ളയിലെ മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിനായാണ് തന്ത്രിയെ എസ്‌ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്.

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് സ്വര്‍ണ കവര്‍ച്ചയില്‍ പങ്കില്ല എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. കഴിഞ്ഞദിവസം പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കട്ടിള പാളി കേസിലാണ് തന്ത്രി ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ദ്വാരപാലക കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നു. അതിലും ജാമ്യപേക്ഷ സമര്‍പ്പിച്ചേക്കും. ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ എന്‍.വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: