സുപ്രീം കോടതിയും ശരിവെച്ചു : നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ തന്നെ : നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി തള്ളാതെ സുപ്രീംകോടതി

ന്യൂഡൽഹി: ഒടുവിൽ സുപ്രീം കോടതിയും ശരിവെച്ചു, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ തന്നെയെന്ന്. നാടാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ ഹൈക്കോടതി നടപടി ശരി വെച്ച് സുപ്രീംകോടതി പരാതിക്കാരിയുടെ ഹർജി തള്ളി.
ഹൈക്കോടതി ഉത്തരവിൽ പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
പരാതി നല്കാൻ രണ്ട് വർഷം കാലതാമസമുണ്ടായതായി ഹർജി പരിഗണിക്കവേ ജസ്റ്റീസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പരാതിക്കാരിയുടെ വാദങ്ങളിൽ സ്ഥിരതയില്ലെന്നും മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ സ്റ്റേറ്റ്മെന്റും, അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയും തമ്മിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും കോടതി കണ്ടെത്തി.
കേസിന് ആസ്പദമായ ലൈംഗികാതിക്രമം ഉദ്യോഗസ്ഥയ്ക്കെതിരേ 1999 ഫെബ്രുവരി 27ന് ഉണ്ടായി എന്നാണ് ആരോപണം. കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും തിരിച്ചിറങ്ങാൻനേരം മോശമായി പെരുമാറി എന്നുമാണ് പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
കേസിൽ നീലലോഹിതദാസൻ നാടാരെ കോഴിക്കോട് ജില്ലാ കോടതി നേരത്തേ ഒരുവർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഇതിനെതിരേ നൽകിയ അപ്പീലിൽ ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.






