CrimeNEWS

‘ജിന്നുമ്മ’ മുന്‍പ് ഹണിട്രാപ്പിലും പ്രതി, കൂട്ടാളികള്‍ സഹതടവുകാര്‍; ഇനിയും സ്വര്‍ണം കണ്ടെത്താന്‍ ബാക്കി

കാസര്‍കോട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും. കാസര്‍കോടിന് പുറത്തും സ്വര്‍ണ്ണം വിറ്റുവെന്ന പ്രതികളുടെ മൊഴിയേത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബന്ധുക്കളായ 12 പേരില്‍നിന്നാണ് അബ്ദുള്‍ ഗഫൂര്‍ പ്രതി കെ.എച്ച്. ഷമീനയെന്ന ‘ജിന്നുമ്മ’യ്ക്ക് മന്ത്രവാദത്തിനായി സ്വര്‍ണ്ണം നല്‍കിയത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം തിരിച്ചുനല്‍കാത്തത് അബ്ദുള്‍ ഗഫൂര്‍ ചോദ്യംചെയ്തതാണ് കൊലപാതകകാരണം.

മരിച്ച അബ്ദുള്‍ ഗഫൂര്‍ ഹാജിയില്‍നിന്ന് കൈക്കലാക്കിയ സ്വര്‍ണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളില്‍ സ്വര്‍ണ്ണം വിറ്റുവെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പില്‍ പ്രതികള്‍ പറഞ്ഞത്. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ജ്വല്ലറികളിലും സ്വര്‍ണ്ണം വിറ്റുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

Signature-ad

സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവം തട്ടിപ്പിനായി ലക്ഷ്യമിട്ടുന്നരത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

രണ്ടാം പ്രതിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.

കേസില്‍ ദമ്പതിമാരും രണ്ട് സ്ത്രീകളുമുള്‍പ്പെടെ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ തുരുത്തി സ്വദേശിയും ബാര മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞ റോഡ് ബൈത്തുല്‍ ഫാത്തിമയില്‍ ടി.എം. ഉവൈസ് (32), ഭാര്യ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞ റോഡില്‍ ബൈത്തുല്‍ ഫാത്തിമയില്‍ കെ.എച്ച്. ഷമീനയെന്ന ജിന്നുമ്മ (34), മുക്കൂട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയപള്ളിക്കടുത്തെ പി.എം. അസ്‌നീഫ (36), മധൂര്‍ കൊല്യയിലെ ആയിഷ (43) എന്നിവരെയാണ് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ചുമരില്‍ തലയിടിപ്പിച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടിപ്പിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ആറുമാസത്തിനുള്ളില്‍ സംഘം കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: