KeralaNEWS

”എന്റെയും ഭാര്യയുടെയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയും? ഇങ്ങനെയായാല്‍ ബിജെപിക്കാരനെ വീട്ടില്‍ കയറ്റുമോ?”

കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ തന്നെ സന്ദര്‍ശിച്ചത് ഒരു പുസ്തകം തരാന്‍ വേണ്ടിയാണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണം ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോയെന്ന് ആലോചിക്കണം. അല്ലാതെ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു.

കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. ആരെങ്കിലും തന്നെ വന്ന് കണ്ടാല്‍ അതിന് മറ്റ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്നത് എന്തിനാണ്?. തന്നെ കാണാനെത്തുന്ന നേതാക്കള്‍ ആരും തന്നെ സ്വാധീനിക്കാറില്ല. അങ്ങനെയെങ്കില്‍ പിണറായി – നരേന്ദ്രമോദി, പിണറായി – ഗഡ്കരി കൂടിക്കാഴ്ചയെ എല്ലാം അത്തരത്തില്‍ വിശേഷിപ്പിക്കാനാകുമോ എന്നും സുധാകരന്‍ ചോദിച്ചു.

Signature-ad

കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താണ് കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. കെ സി വേണുഗോപാലുമായി 30 വര്‍ഷത്തിലേറെ ബന്ധമുണ്ട്. തന്റെ ആരോഗ്യ കാര്യങ്ങള്‍ തിരക്കാനാണ് അദ്ദേഹം വന്നത്. കെ സിയെ താന്‍ സി പി എമ്മിലേക്കോ കെസി വേണുഗോപാല്‍ തന്നെ കോണ്‍ഗ്രസിലേക്കോ ക്ഷണിച്ചിട്ടില്ല. അത്രക്ക് മണ്ടനല്ല വേണുഗോപാലെന്നും സുധാകരന്‍ പറഞ്ഞു.

മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല. കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കില്‍ മാത്രമേ ചോദ്യമുള്ളൂവെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലും ബി ഗോപാലകൃഷ്ണനും തന്നെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. സുധാകരന് പാതി ബിജെപി മനസ്സാണെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവനയും സുധാകരന്‍ തള്ളി. തന്റെയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയുമെന്ന് ജി സുധാകരന്‍ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: