കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്. ഖഇ 325526 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു. 2019-ല്‍ രണ്ടോ മൂന്നോ ടിക്കറ്റിന് 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്. നവംബര്‍ 22-ാം തീയതിയാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. ഏജന്‍സി വ്യവസ്ഥയില്‍ ടിക്കറ്റ് എടുത്തുകൊണ്ടു പോയതിനാലാണ്, ഏജന്റിന് ആകാം ഇക്കുറി ഒന്നാം സമ്മാനം അടിച്ചതെന്ന് കരുതിയത്. പക്ഷേ അദ്ദേഹം ഏജന്റ് അല്ല. കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് എന്നും ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.
ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.
39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ബംപര്‍ സമ്മാനത്തിന് പുറമേ അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.