യു.കെയില്‍ കെയര്‍ഹോമില്‍ ഡയാലിസസ് ടെക്‌നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു കണ്ണൂർ ഉളിക്കല്‍ സ്വദേശിനിയില്‍ നിന്നും 13 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 3 പേര്‍ക്കെതിരെ ഉളിക്കല്‍ പൊലീസ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തു. ആലപ്പുഴ സ്വദേശി അഖിൽ രാജ്, പത്തനംതിട്ട സ്വദേശി സിജോ ജോണ്‍, എറണാകുളം സ്വദേശി സജിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
യു.കെ വിസയ്ക്കായി പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുളള എസ്.ബി.ഐ ഉളിക്കല്‍ ശാഖയില്‍ നിന്ന് 3 തവണകളായി ഒന്നാം പ്രതി അഖില്‍ രാജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. 2023-ലാണ് തട്ടിപ്പിന്റെ തുടക്കം. ബന്ധുക്കള്‍ വഴിയാണ് സജിനിയുടെ നമ്പര്‍ പരാതിക്കാരിക്ക് ലഭിക്കുന്നത്. ഇവര്‍ നിര്‍ദേശിച്ച പരീക്ഷ പാസായതിനു ശേഷമായിരുന്നു ആദ്യ ഗഡു തുക നല്‍കിയത്. പിന്നീട് രണ്ടു തവണ പലകാരണങ്ങള്‍ പറഞ്ഞ് തുക കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
പ്രതികള്‍ 3പേരും ഇപ്പോള്‍ യു.കെയിലാണ് ജോലി ചെയ്യുന്നത്. സിജോ ട്രാവല്‍ ഏജന്‍സിയിലും സജിനി ഐ.ടി കമ്പനിയിലും അഖില്‍രാജ് കെയര്‍ ഹോമിലുമാണ് ജോലി ചെയ്യുന്നു. വിസയും പണവും കിട്ടാതെയായതോടെ ഇവരെ പലതവണ ബന്ധപ്പെട്ടുവെങ്കിലും പലകാരണങ്ങള്‍ പറഞ്ഞു കബളിപ്പിക്കല്‍ തുടര്‍ന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു എന്ന് പരാതിക്കാരി വ്യക്തമാക്കി.
മലയോര മേഖലയില്‍ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസും പറയുന്നത്. ചെറുതും വലുതുമായ തട്ടിപ്പുകള്‍ക്ക് ഇരയായിട്ടും മാനഹാനി ഭയന്ന് പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് തട്ടിപ്പു സംഘത്തിന് വളമാകുന്നത്. കരിക്കോട്ടക്കരി എടപ്പുഴ സ്വദേശിനിയായ യുവതിക്ക് ഇത്തരത്തില്‍ വന്‍തുക നഷ്ടമായി. ഇറ്റലിയിൽ ജോലി ചെയ്യുന്നതിനായി വിസ ഉള്‍പ്പെടെ ശരിയാക്കി ജര്‍മ്മനിയില്‍ എത്തിച്ച ശേഷം ഇറ്റലിക്ക് പോകാന്‍ കഴിയാതെ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു.