CrimeNEWS

ജ്യേഷ്ഠനെ കേസില്‍ പ്രതിയാക്കി 20 കൊല്ലം മുങ്ങിനടന്നു; ആള്‍മാറാട്ടം പൊളിഞ്ഞു, ഒടുവില്‍ അറസ്റ്റ്

ചെന്നൈ: തനിക്കെതിരെയുള്ള കേസില്‍ മൂത്ത സഹോദരന്റെ വിവരങ്ങള്‍ നല്‍കി 20 വര്‍ഷത്തോളം പൊലീസിനെയും കോടതിയെയും കബളിപ്പിച്ച ആളെ മടിപ്പാക്കത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം സ്വദേശി പളനിയാണ് വര്‍ഷങ്ങളോളം പനീര്‍സെല്‍വമെന്ന പേരില്‍ നീതിന്യായ സംവിധാനത്തെ കബളിപ്പിച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി നടന്നത്.

ട്രസ്റ്റ്പുരത്ത്, കൂടെത്താമസിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 2008ലാണ് ഇയാള്‍ക്കെതിരെ കോടമ്പാക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പനീര്‍സെല്‍വം എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്. യുവതി പരാതി നല്‍കിയതും ‘പനീര്‍സെല്‍വ’ത്തിന് എതിരെയായിരുന്നു. അറസ്റ്റ് ചെയ്ത കോടമ്പാക്കം പൊലീസിന് പളനി നല്‍കിയതും മൂത്ത സഹോദരനായ പനീര്‍സെല്‍വത്തിന്റെ വിവരങ്ങളാണ്. 2018ല്‍ ഇയാളെ വിചാരണക്കോടതി 5 വര്‍ഷം തടവിനു ശിക്ഷിച്ചു.

Signature-ad

ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ‘പനീര്‍സെല്‍വ’മെന്ന പളനി അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 3 വര്‍ഷമായി കുറയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മേല്‍ക്കോടതിയും ശിക്ഷ വിധിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതിയായ ‘പനീര്‍സെല്‍വ’ത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കാഞ്ചീപുരത്തെ വീട്ടിലെത്തിയ പൊലീസ് കണ്ടെത്തിയത് യഥാര്‍ഥ പനീര്‍സെല്‍വത്തെ. ഇതോടെയാണ് പളനിയുടെ ആള്‍മാറാട്ടക്കഥ പുറത്തു വന്നത്.

Back to top button
error: