കൊല്ലത്ത് കാറിൽ സഞ്ചരിച്ച ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു, യുവതി തൽക്ഷണം മരിച്ചു, ഒപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ
കൊല്ലത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഓമ്നി വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം ഭർത്താവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. കാറിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിൽ.
കൊല്ലം ചെമ്മാൻമുക്കിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കൊട്ടിയം തഴുത്തല സ്വദേശിനി അനില (44)യാണ് മരിച്ചത്. നഗരത്തിൽ കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുയാണ് അനില. ഒപ്പമുണ്ടായിരുന്ന തഴുത്തല സ്വദേശി സോണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിലയുടെ ഭർത്താവ് പത്മരാജൻ സംഭവശേഷം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
കൊട്ടിയത്ത് കേറ്ററിങ് സ്ഥാപനം നടത്തുകയാണ് പത്മരാജൻ (60). ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. പത്മരാജന്റേതു രണ്ടാം വിവാഹമാണിത്. ബേക്കറിയിലെ ജീവനക്കാരനാണു സോണി. ബേക്കറി അടച്ചശേഷം അനിലയും സോണയും കാറിൽ വരുന്നതും നിരീക്ഷിച്ച് സമീപം കാത്തുകിടക്കുകയായിരുന്നു പത്മരാജൻ എന്നു പൊലീസ് പറയുന്നു.
ചെമ്മാൻമുക്ക് ജംക്‌ഷനിൽ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. പൊള്ളലുകളോടെ കാറിൽനിന്ന് ഇറങ്ങിയോടിയ സോണിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക് മാറ്റിയത്. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജൻ ഓട്ടോറിക്ഷയിൽ കയറി സ്റ്റേഷനിലെത്തി കീഴടങ്ങി.
യുവതി സഞ്ചരിച്ച കാറിലേക്ക് ഒമ്നി വാനിൽ എത്തിയ വ്യക്തി എന്തോ എറിയുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഒമ്നി വാനിൽ നിന്ന് ഇറങ്ങിയോടിയ വ്യക്തിയുടെ ശരീരത്തിലും പൊള്ളലേറ്റു. എന്നാൽ പിന്നീട് ഇയാളെ കാണാനായില്ല. വാഹനങ്ങളിൽ തീ പടർന്നതോടെ രക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.