തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്. വര്‍ക്കലയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവര്‍ച്ച നടത്തിയെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ നല്‍കിയ പരാതി. ബന്ധുവിന് നല്‍കേണ്ട പണവും സ്വര്‍ണവും കൈമാറാതിരിക്കാന്‍ അമ്മയും മകനും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്.
വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളില്‍ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവന്‍ സ്വര്‍ണവും കവര്‍ന്നുവെന്നായിരുന്നു മകന്‍ ശ്രീനിവാസന്‍ പൊലിസിനെ അറിയിച്ചത്. തലയില്‍ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും ഇന്നലെ മാറ്റിയിരുന്നു. തുടക്കംമുതല്‍ പരാതിയില്‍ വര്‍ക്കല പൊലിസിന് ദുരൂഹതയുണ്ടായി.
മോഷണത്തിനെത്തിയ അക്രമിസംഘങ്ങള്‍ ഇങ്ങനെ ഒരു ആക്രമണം നടത്തില്ല, ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്തിയില്ല. മാത്രമല്ല രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത്. മൊഴികളില്‍ അടിമുടി അവ്യക്ത. ശ്രീനിവാസന്റെ ഭാര്യയുടെ മൊഴിയാണ് പൊലിസിന് പിടിവള്ളിയായത്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് നല്‍കേണ്ടിയിരുന്നതാണ് സ്വര്‍ണവും പണവും.
ഇത് കൈമാറുന്നതിന് അമ്മയ്ക്കും മകനും താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന് വേണ്ട ഒരുക്കിയ നാടകമായിരുന്നു മോഷണ കേസെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീനിവാസന്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയും സ്വര്‍ണ്ണം പൊലിസിന് കൈമാറുകയും ചെയ്തു. വര്‍ക്കലയില്‍ ഒരു ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നല്‍കിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തു.