തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം തടഞ്ഞ് സര്‍ക്കാര്‍. ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു ഇത്. സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
എന്നാല്‍ വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവായില്ല. അന്വേഷണസംഘം രൂപീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സര്‍ക്കാര്‍ ഈ നീക്കത്തിന് തടയിടുകയായിരുന്നു. ഇതിനിടെ സര്‍ക്കാരിനെതിരെ പരാതിക്കാരന്‍ രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ഗവര്‍ണറുടേത്.
അപ്പീലിന് സജി ചെറിയാന് പാര്‍ട്ടി അനുമതി നല്‍കിയെങ്കിലും ഒരാഴ്ചയായിട്ടും നീക്കമില്ല. ഡിവിഷന്‍ ബെഞ്ച് വിധിയും തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ ഹൈക്കോടതി ഇടപെടാനുള്ള സാധ്യതയും ചെറുതല്ല.