Breaking NewsKeralaNEWSpolitics

‘കൊലചെയ്യപ്പെട്ടില്ലെങ്കിൽ…’; ജീവനു ഭീഷണിയുണ്ടെന്ന സൂചനയുമായി സച്ചിദാനന്ദന്റെ പുതിയ പോസ്റ്റ്, പിന്നാലെ തിരുത്തൽ

തിരുവനന്തപുരം: തുടർഭരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിവാദം കെട്ടടങ്ങും മുമ്പ് കവി സച്ചിദാനന്ദൻ പങ്കുവച്ച പുതിയ ഫേയ്സ്ബുക്ക് പോസ്റ്റും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ കൃതികളേക്കുറിച്ചുള്ള വിവരണ പോസ്റ്റിന്‍റെ അവസാനം കുറിച്ച വാചകത്തിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സൂചന സച്ചിദാന്ദൻ നൽകി. എന്നാൽ പൊടുന്നനെ ആ വാചകം നീക്കം ചെയ്തു.

‘ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി. ചിലത് തീരെ ചെറുത്. എങ്ങോട്ട് പോകുന്നു എന്ന് നോക്കാം. ഒരു കഥാ സമാഹാരം, ഒരു കവിതാ സമാഹാരം, ഒരു ലേഖന- പ്രഭാഷണസമാഹാരം; ഇത്ര ഉണ്ടായേക്കും, കൊലചെയ്യപ്പെട്ടില്ല എങ്കിൽ’ -എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. എന്നാൽ 15 മിനിറ്റിനുള്ളിൽ ആ പോസ്റ്റ് തിരുത്തി. ‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്ന ഭാഗം ഒഴിവാക്കി ‘അതിജീവിച്ചാൽ’ എന്ന് മാറ്റുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി കമൻറുകളും പ്രത്യക്ഷപ്പെട്ടു. സച്ചിദാനന്ദന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് കമൻറുകളിൽ ഏറെയും.

Signature-ad

വീണ്ടും ഭരണത്തിലേറണം എന്ന ലക്ഷ്യത്തിലൂന്നി ഇടതുപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന വാദവുമായി സാംസ്കാരിക നായകർ രംഗത്തെത്തിയത്. സച്ചിദാനന്ദൻ ഇക്കാര്യം പരസ്യമായിത്തന്നെ പറയുകയുണ്ടായി. ഇത് വൻതോതിൽ ചർച്ചാവിഷയമാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സിപിഎം നേതാക്കൾ സച്ചിദാനന്ദനെതിരേ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രതികരണവുമായി സച്ചിദാനന്ദൻ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: