കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകർന്നു, വ്യവസായ വളർച്ച കുത്തോട്ടുള്ള കേരളത്തിൽ 3500 കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നു, കിറ്റക്സിനെ പരോക്ഷമായി പരാമർശിച്ച് ധനമന്ത്രി, വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിൽ, !! കേരള സർക്കാരിനെതിരെ ബജറ്റ് ചർച്ചയിൽ വിമർശന ശരം

ന്യൂഡൽഹി: പാർലമെൻറിൽ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വ്യവസായ വളർച്ച കീഴോട്ടുള്ള കേരളത്തിൽ മൂവായിരത്തി അഞ്ഞൂറ് കോടി മുതൽ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നുവെന്ന് നിർമ്മല സീതരാമൻ പറഞ്ഞു. ഇതിലൂടെ കിറ്റക്സ് ഗ്രൂപ്പിന്റെ പരാതിയാണ് ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.അതി രൂക്ഷ വിമർശനമാണ് നിർമ്മല സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരിനുമെതിരെ ബജറ്റ് ചർയിൽ ഉയർത്തിയത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്.
സംസ്ഥാനത്തേയ്ക്ക് വ്യവസായത്തെ ആകർഷിക്കാൻ കേരളം ഒന്നും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അതിന് തെളിവാണ്. 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുൻപിലാണെന്ന് കുറ്റപ്പെടുത്തി.
ബജറ്റിൽ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സർക്കാരിൻറേതടക്കം പരിഹാസം കേന്ദ്രത്തിന് കുറിക്ക്കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിനെതിരായ നിർമ്മല സീതാരാമൻറെ ഇത്തരം പരാമർശങ്ങൾ.
കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകർന്നെന്ന് കേരളത്തിനൊപ്പം ബംഗാളിനെകൂടി ഉദാഹരിച്ച് ധനമന്ത്രി വിശദീകരിക്കുകയുണ്ടായി.കേരളത്തിന് യാതൊന്നും നൽകിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത കെസി വേണുഗോപാൽ എംപിയടക്കം പ്രതികരിക്കുകയുണ്ടായി. അതിനുള്ള മറുപടിയെന്നോണം കശുവണ്ടി, നാളികേര കൃഷിയടക്കം മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ ചൂണ്ടിക്കാട്ടി അതിൻറെയെല്ലാം പ്രയോജനം കേരളത്തിന് കിട്ടുമെന്നും ധനമനമന്ത്രി അവകാശപ്പെട്ടു.
അതേസമയം, കേരളത്തോടുള്ള അവഗണനയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻറ് വളപ്പിൽ രാത്രി വൈകിയും പ്രതിഷേധിച്ചു.






