NEWSWorld

ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബൈഡന്‍; പിന്നാലെ ലബനനില്‍ ഇസ്രയേല്‍ ആക്രമണം

വാഷിങ്ടന്‍: ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസില്‍നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന.

Signature-ad

വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗാസയിലും വെടിനിര്‍ത്തലിന് തന്റെ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്നും ബൈഡന്‍ പറ?ഞ്ഞു.

യുഎസും ഫ്രാന്‍സും മധ്യസ്ഥത വഹിച്ചാണ് വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയത്. വെടിനിര്‍ത്തല്‍ ധാരണയെ ലബനന്റെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ തീരുമാനം ലബനനിലെയും വടക്കന്‍ ഇസ്രയേലിലെയും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ഗാസയിലും വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു.

Back to top button
error: