Movie

ദുരൂഹതകളുടെ മാന്ത്രികച്ചെപ്പ്: ‘രുധിരം’ ടീസർ തരംഗമായി, രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബറിൽ എത്തും

നിഗൂഢത ഒളിപ്പിച്ച മുഖങ്ങളും ദുരൂഹദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ തരംഗമാകുന്നു. കന്നഡ- മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രമാണ്  ‘രുധിരം.’ മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.

Signature-ad

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നു.

ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറുടെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു നീങ്ങുന്നത്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ വ്യക്തവാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നു ടീസർ.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ മികച്ച പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഹസംവിധായകനായാണ് സിനിമാ പ്രവേശം. ‘രുധിര’ത്തിൽ ജിഷോ ലോണ്‍ ആന്‍റണിയുടെ സഹരചയിതാവ്  ജോസഫ് കിരണ്‍ ജോര്‍ജാണ്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്,
ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍,  ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്.

ചിത്രം ഡിസംബറിൽ തിയേറ്റുകളിൽ എത്തും.

പി.ആർ.ഒ പ്രതീഷ് ശേഖർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: