LIFELife Style

ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു! അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; ഇന്ന് അനുഭവിക്കുന്നു

ന്നിലേറെ ലൈംഗികാതിക്രമകേസുകളില്‍ അകപ്പെട്ട് വിവാദങ്ങളുടെ നടുവിലാണ് സംവിധായകന്‍ രഞ്ജിത്ത്. രഞ്ജിത്തില്‍ നിന്നുണ്ടായ ദുരനുഭവം പരാതിക്കാര്‍ തുറന്ന് പറഞ്ഞപ്പോള്‍ പലരും ഞെട്ടി. സംവിധായകന് നേരെ വ്യാപക വിമര്‍ശനം വന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വെക്കുകയും ചെയ്തു. ഇതുവരെ സിനിമാ ലോകത്ത് നേടിയെടുത്ത പ്രതിച്ഛായ രഞ്ജിത്തിന് നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്.

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അര്‍ഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രഞ്ജിത്തിനെതിരെ ഇദ്ദേഹം നടത്തിയിരിക്കുന്നത്. അഹങ്കാരം തലയ്ക്ക് പിടിച്ച് മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി രഞ്ജിത്ത് സ്ഥാനമേല്‍ക്കുന്നത്. വരിക്കാശ്ശേരി മനയിലെ തമ്പ്രാനായി പിന്നീട് രഞ്ജിത്ത് മാറി.

Signature-ad

ഒരുകാലത്ത് വേദികളിലേക്ക് കരഘോഷങ്ങളോടെ രഞ്ജിത്തിനെ സ്വീകരിച്ചിരുന്നവര്‍ പിന്നീട് കൂക്കുവിളികളോടെയാണ് സ്വീകരിച്ചത്. ഐഎഫ്എഫ്കെയുടെ പരിപാടിയില്‍ കൂക്കൂവിളികളേറ്റ് വാങ്ങിയപ്പോള്‍ ആ കൂക്കുവിളികളെ അദ്ദേഹം ഉപമിച്ചത് വീട്ടിലെ കൊടിച്ചി പട്ടികളോടാണ്. അവിടം മുതല്‍ രഞ്ജിത്തിന് വീഴ്ചകള്‍ വന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആരാധകര്‍ കൈവിട്ടു. ഏകാധിപത്യത്തിന്റെ പേരില്‍ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. അപ്പോഴേക്കും പീഡനക്കേസ് വന്നു. അതോടെ സര്‍ക്കാരും കൈവിട്ടു. ഇതെല്ലാം അനുഭവിക്കാന്‍ രഞ്ജിത്ത് ബാധ്യസ്ഥനാണ്. അങ്ങനെ തോന്നാനുള്ള സംഭവവും ആലപ്പി അഷ്റഫ് പങ്കുവെച്ചു. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏതാനും നാളുകള്‍ ഞാനുണ്ടായിരുന്നു.

ഒരു ചെറിയ വേഷവും ഞാനതില്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു. ആ അടി കൊണ്ട് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍.

എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. നിറ കണ്ണുകളോടെ നില്‍ക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈന്‍ഡ് ചെയ്തില്ല. ആ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാനസികമായ തകര്‍ന്ന് പോയി. പിന്നീടുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു. ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്നിരുന്നു.

ആ വിഷമത്തില്‍നിന്നു മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു എന്നതാണ് സത്യം. ഈ സംഭവം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 2006 ലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മരിച്ചത്. ലൈംഗികാതിക്രമക്കേസില്‍ രഞ്ജിത്തിനെതിരെ അന്വേഷണം തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ കൊണ്ട് വന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങള്‍ തെറ്റാണെന്നാണ് രഞ്ജിത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: