പാലക്കാട്: ”നീ എന്റെ ദേഹത്തു തൊടരുത്” -ഇടതു സര്‍ക്കാരിനെതിരായ സമരത്തിന്റെ പേരില്‍ പുലര്‍ച്ചെ വീടു വളഞ്ഞ് അമ്മയുടെ മുന്നില്‍വച്ച് തന്നെ അറസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറോടു കൈചൂണ്ടി പറഞ്ഞ യുവാവിന്റെ മുഖം കേരളം ഓര്‍ത്തുവച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍(35) എന്ന ആ ചെറുപ്പക്കാരന് ഇനി നിയമസഭയില്‍ ശബ്ദമുയര്‍ത്തും. പിണറായി സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി രാഹുല്‍ പലതവണ തെരുവില്‍ ചോരചിന്തി. യൂത്ത് കോണ്‍ഗ്രസിനെ സജീവമായ സമരസംഘടനയാക്കി. പൊലീസിന്റെ മര്‍ദനത്തെ ധീരമായി നേരിട്ടു.
പെരിങ്ങനാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ പ്രായം 17. 2017 ല്‍ കെഎസ്യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്എസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണു ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായത്. ചാനല്‍ ചര്‍ച്ചകളിലൂടെയാണു സംഘടനയ്ക്കു പുറത്തുള്ളവരും ശ്രദ്ധിച്ചുതുടങ്ങിയത്.
രാഹുലിന്റെ മുത്തച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് കെപിസിസി മുന്‍ അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ള. രാഹുലിന് 6 വയസ്സുള്ളപ്പോള്‍ അച്ഛന് രാജേന്ദ്രക്കുറുപ്പ് മരിച്ച ശേഷം അമ്മ ബീനയുടെ തണലിലാണു വളര്‍ന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഇപ്പോള്‍ എംജി സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്നു.