KeralaNEWS

പുതുമുഖം, താരപ്രചാരകരില്ല, കൈമുതല്‍ പ്രവര്‍ത്തകരുടെ കഠിനധ്വാനം മാത്രം; ഒരുലക്ഷത്തില്‍ അധികം വോട്ട് നേടി തിളങ്ങി നവ്യ

വയനാട്: പ്രിയങ്ക പ്രഭാവത്തിലും പിടിച്ചുനിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച സ്ഥലത്താണ് വയനാട്ടുകാര്‍ക്ക് തീര്‍ത്തും അപരിചിതയായ നവ്യ ഹരിദാസ് അപ്രതീക്ഷിതമായി ചുരം കയറി എത്തിയത്. നവ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതിലൂടെ മത്സരരംഗത്തുനിന്ന് എന്‍ഡിഎ പിന്‍വലിഞ്ഞുവെന്ന തോന്നല്‍ അണികള്‍ക്കിടയില്‍പോലും ഉണ്ടായി. എന്നാല്‍ പ്രചാരണം തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടുകാര്‍ക്കിടയിലേക്കിറങ്ങാന്‍ നവ്യയ്ക്കായി. വയനാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പം നിന്നതോടെ പ്രചാരണത്തില്‍ ബഹുദൂരം മുന്നോട്ടു പോകാനുമായി.

മണ്ഡലം രൂപീകരിച്ച 2009ല്‍ കേവലം മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപിയാണ് ഇപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടുമായി തിളങ്ങുന്നത്. കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ നവ്യ ഹരിദാസ് എല്ലാംകൊണ്ടും പുതുമുഖമാണ്. എന്നിട്ടും 1.1 ലക്ഷത്തോളം വോട്ടു നേടാനായത് വന്‍ നേട്ടമാണ്. സുരേഷ് ഗോപി മാത്രമാണ് താരപ്രചാരകനായി വയനാട്ടില്‍ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിട്ടുപോലും ദേശീയ നേതാക്കന്‍മാരും പ്രചാരണത്തിനെത്തിയില്ല. വയനാട്ടിലെ പ്രവര്‍ത്തകര്‍ തന്നെയാണു പ്രചാരണം നയിച്ചത്.

Signature-ad

കഴിഞ്ഞ തവണ കെ.സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ദേശീയ നേതാക്കളുടെ ഒഴുക്കായിരുന്നു വയനാട്ടിലേക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വയനാട്ടിലെത്തി. സുരേന്ദ്രനു വേണ്ടി മുക്കിലും മൂലയിലുംവരെ പ്രചാരണം നടത്തുകയും കൂറ്റന്‍ പോസ്റ്ററുകള്‍ ഉയര്‍ത്തുകയും ചെയ്തു. ആദിവാസി കോളനികളില്‍ ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത കിറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെ വിവാദമായിരുന്നു. എന്നിട്ടും 1,41,045 വോട്ടാണ് നേടാനായത്. എന്നാല്‍, ഇതൊന്നുമില്ലാതിരുന്നിട്ടും നവ്യ ഹരിദാസ് 1.1 ലക്ഷത്തോളം വോട്ടുകള്‍ നേടിയത് സാധാരണ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ്.

Back to top button
error: