CrimeNEWS

സൗദിയില്‍ വിഷാദ രോഗിയായ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു; മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

റിയാദ്: ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളി കുടുംബത്തിന് നാല് ലക്ഷം റിയല്‍ ഏകദേശം ഒരു കോടിയോളം നഷ്ടപരിഹാരം അനുവദിച്ചു. മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാര തുക ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മുഹമ്മദലി സൗദി ജുബൈലില്‍ വച്ച് കൊല്ലപ്പെടുന്നത്.

2023 ജനുവരിയിലാണ് സംഭവം. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. വിവരം അറിഞ്ഞ കമ്പിനി അധികൃതര്‍ ഉടന്‍ തന്നെ മുഹമ്മദലിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മഹേഷ് സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Signature-ad

മഹേഷിന് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊല നടത്തിയതിന്റെ കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ തന്നെ മറവ് ചെയ്തു. ചെന്നൈ സ്വദേശിയായ മഹേഷ് മെഷീനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാള്‍ കൂടി ഇവരുടെ മുറിയില്‍ താമസിച്ചിരുന്നു. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നു. ഇരുവരും താമസിച്ചിരുന്ന ക്യാമ്പിലും ജുബൈല്‍ മലയാളി സമൂഹത്തിലും ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്. മഹേഷ് ഇപ്പോള്‍ ജയിലിലാണ്.

മൃതദേഹം സംസ്‌കരിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി അന്നത്തെ കെ.എം.സി.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന ഉസ്മാന്‍ ഒട്ടുമ്മലിനായിരുന്നു ലഭിച്ചത്. ജോലിയിലിരിക്കെ മരണപ്പെട്ടാല്‍ കമ്പനി മുഖേന മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമെന്നറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എംബസ്സിയുമായും കമ്പനിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഇതിനിടെ മുഹമ്മദലി ജോലി ചെയ്തിരുന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര ഇന്‍ഷുറന്‍സ് തുക ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഉസ്മാന്‍ ഒട്ടുമ്മലുമായി ബന്ധപ്പെടുകയും കുടുംബത്തിന് ഏറെ ആശ്വാസകരമായ ആ വാര്‍ത്ത പങ്കുവെക്കുകയുമാണുണ്ടായത്. കമ്പനി ഇന്ത്യന്‍ എംബസ്സിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറിയിട്ടുണ്ട്. താമസിയാതെ മുഹമ്മദലിയുടെ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യപ്പെടും. ജുബൈലിലെ ഒരു കെമിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ.നാലുപെണ്മക്കളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: