തിരുവനന്തപുരം: കാട്ടാക്കട പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെയും സഹായിയെയും മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി പോലീസ്. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയും കവര്‍ച്ച മുതല്‍ പണയം വയ്ക്കാന്‍ സഹായം നല്‍കിയ കൂട്ടാളിയെയുമാണ് പോലീസ് പിടികൂടിയത്.
പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടില്‍ നിന്നും വെള്ളറട വാടകക്ക് താമസിക്കുന്ന രാമചന്ദ്രന്‍ (67) യും ഇയാള് മോഷ്ടിച്ച സ്വര്‍ണ്ണം വില്‍ക്കാനും പണയം വയ്ക്കാനും സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടില്‍ ജോണി (51) യുമാന്‍ പിടിയിലായത്. കാട്ടാക്കട ഡി വൈ എസ് പി യുടെ ഷാഡോ സംഘം ആണ് വെള്ളറടയില്‍ നിന്നും ഇരുവരേയും പിടികൂടിയത്.
ബുദനാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. കാട്ടാക്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂവച്ചല്‍ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. 54 സ്വര്‍ണ്ണ പൊട്ടുകള്‍, ഒന്നര പവന്‍ മാല, 10 താലി, നേര്‍ച്ച ഉരുപ്പടികള്‍ കിഴി പണം ഉള്‍പ്പെടെയാണ് ഓഫീസ് മുറി കുത്തി തുറന്ന് കവര്‍ന്നത്. രാവിലെ ക്ഷേത്ര പരിസരം ശുചീകരിക്കാന്‍ എത്തിയ സ്ത്രീ ഓഫീസ് മുറി തുറന്നു കിടക്കുന്നത് കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഓഫീസ് മുറി തുറന്നു കിടക്കുന്നത് കണ്ട സ്ത്രീ ഭരണ സമിതിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ പിടികൂടിയ പ്രതിയെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.ചോദ്യം ചെയ്യലില്‍ പോലീസിന് സഹായിയായ ജോണിനെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് രാത്രിയോടെ സഹായിയായ ജോണിനെയും പോലിസ് പിടികൂടി. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. സമീപത്തെ ഒരു വീട്ടിലും സംഭവ ദിവസം മോഷണം നടത്താനുള്ള ശ്രമം പ്രതി നടത്തിയിട്ടുണ്ട്. ഇവിടെ വീടിന്റെ സിറ്റൗട്ടില്‍ എത്തി കള്ളന്‍ തിരികെ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാല്‍ പ്രതി ഇത് സമ്മതിച്ചിട്ടില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കും.