കൊച്ചി: ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടില്‍ എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹര്‍ത്താല്‍ കാര്യത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായം ബന്ധപ്പെട്ടവരെ അറിയിക്കാനും കോടതി നിര്‍ദേശം നല്കി.
വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. എന്നാല്‍ ഇത് കോടതിയുടെ പരിഗണനയിലും മേല്നോട്ടത്തിലുമുള്ള വിഷയമാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. ”ജനവിരുദ്ധമാണ് ഹര്‍ത്താല്‍. ഇതിനെതിരെ നേരത്തെ തന്നെ കോടതി വിധിയുണ്ട്. ഹര്‍ത്താല്‍ നടത്തില്ല എന്നോ മറ്റോ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് അധികാരത്തിലുള്ളവരാണ്. എന്നിട്ടും ഹര്‍ത്താല്‍ നടന്നു. കഷ്ടമാണ് കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഇനിയും അനുവദിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് മോശം അവസ്ഥയുണ്ടാക്കുക എന്നല്ലാതെ ഹര്‍ത്താല്‍ നടത്തിയിട്ട് എന്താണ് കിട്ടിയത്”കോടതി ചോദിച്ചു.
കേന്ദ്രം സഹായം നല്‍കിയില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ സഹായം ലഭിക്കുമോ എന്നും കോടതി ചോദിച്ചു. ”ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. അപ്രതീക്ഷിതമായ ഇത്തരം ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പേടി മൂലമാണ് ആളുകള്‍ പുറത്തിറങ്ങാത്തത്. മനുഷ്യരുടെ ഭയത്തെ മുതലെടുക്കുകയാണ്. ഇത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്” കോടതി പറഞ്ഞു.
വലിയ ടൂറിസം കേന്ദ്രമെന്ന നിലയിലാണ് ഇതര നാടുകളില്‍ നാം കേരളത്തെ കാണിക്കുന്നതെന്നും അവിടെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. ഈ നാട്ടില്‍ നടക്കുന്നത് എന്താണെന്ന് ദൈവത്തിനു പോലുമറിയില്ല എന്നും കോടതി പറഞ്ഞു.