ആലപ്പുഴ: കഴിഞ്ഞ 200 ദിവസത്തിനിടെ 6 ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങളാണ് ജില്ലയില്‍നിന്നു വന്നത്. എല്ലാ കൊലപാതകങ്ങള്‍ക്കും ഒരേ സ്വഭാവം. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. ഏറ്റവും ഒടുവില്‍ നടന്ന അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ജില്ലയെ നടുക്കിയത്. ആറു കൊലപാതക കേസുകളിലും പ്രതികളെ കൃത്യമായി വലയിലാക്കാന്‍ പൊലീസിന് സാധിച്ചുവെങ്കിലും തുടരെയുണ്ടാകുന്ന കൊലപാതകങ്ങളുടെയും അതിന് പിന്നിലെ ദുരൂഹതകളും ആലപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. നവജാത ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെ ക്രൂരതയ്ക്ക് ഇരയായി.
പൂങ്കാവ് റോസമ്മ കൊലപാതകം (ഏപ്രില്‍ 18)
പൂങ്കാവില്‍ റോസമ്മയെന്ന അറുപതുകാരിയെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയ സംഭവമാണ് ഈ വര്‍ഷം ആദ്യം ആലപ്പുഴയെ ഞെട്ടിച്ചത്. റോസമ്മയുടെ സഹോദരന് ബെന്നിയായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നില്‍. സ്വര്‍ണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നേരത്തെ റോസമ്മയുടെ സ്വര്‍ണം പണയം വയ്ക്കാന്‍ ബെന്നി ആവശ്യപ്പെട്ടിരുന്നിരുന്നു. ഇതേച്ചൊല്ലി രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് റോസമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു പിന്നാലെ മൃതദേഹത്തില്‍നിന്നു സ്വര്‍ണം ഊരിമാറ്റി ഒളിപ്പിച്ചതും ഇതിലൊരു ഭാഗം പിറ്റേന്നു തന്നെ പണയം വച്ചതുമെല്ലാം സ്വര്‍ണത്തിനു വേണ്ടിയാണു കൊലപാതകം എന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണെന്നാണ് പൊലീസ് പറയുന്നത്.
മാന്നാര്‍ കല കൊലപാതകം (ജൂലൈ 2)
15 വര്‍ഷം മുന്‍പ് കാണാതായ മാന്നാര്‍ സ്വദേശിനി കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. അമ്പലപ്പുഴയ്ക്കടുത്തു കാക്കാലത്തുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്.
ബോംബേറ് കേസിലെ പ്രതികള്‍ക്കു മാന്നാനത്ത് നിന്ന് 15 വര്‍ഷം മുന്‍പു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റില് ടാങ്കില്‍നിന്ന് കണ്ടെത്തിയത്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ ഇസ്രയേലിലാണ്. ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവര്‍ പൊലീസിനു മൊഴി നല്‍കിയത്. കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
തകഴി നവജാത ശിശുവിന്റെ കൊലപാതകം (ഓഗസ്റ്റ് 11)
നവജാത ശിശുവിന്റെ മൃതദേഹം തകഴിയിലെ പാടശേഖരത്തില്‍നിന്ന് ലഭിച്ചതായിരുന്നു മറ്റൊരു സംഭവം. പാണാവള്ളി പഞ്ചായത്ത് ആനമൂട്ടില്‍ച്ചിറയില്‍ ഡോണ ജോജി (22) യായിരുന്ന കുഞ്ഞിനെ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ സുഹൃത്ത് തോമസ് ജോസഫിന് കൈമാറുകയായിരുന്നു. ഇയാളും സുഹൃത്ത് അശോകും ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്.
രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി. പരിശോധനയില്‍ പ്രസവ വിവരം പുറത്തായി. തുടര്‍ന്നു പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായത്. ഫൊറന്‍സിക് സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച ഡോണ കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു. ജയ്പുരിലെ പഠനകാലത്താണ് ഡോണ അവിടെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്. പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടില്‍ത്തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നും ഡോണ പൊലീസിന് മൊഴി നല്‍കിയിരുന്നു.
പള്ളിപ്പുറം നവജാത ശിശുവിന്റെ കൊലപാതകം (സെപ്റ്റംബര്‍ 2)
പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവമായിരുന്നു മറ്റൊന്ന്. തകഴിയിലെ നവജാതശിശുവിനെ പാടശേഖരത്തില്‍ കണ്ടെത്തിയ സംഭവം നടന്ന് മൂന്നാഴ്ചക്കുള്ളിലായിരുന്നു ഈ കൊലപാതകവും. കുഞ്ഞിനെ പ്രസവിച്ച പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറത്തു വീട്ടില്‍ ആശ(35), സുഹൃത്ത് പള്ളിപ്പുറം രാജേഷാലയത്തില്‍ രതീഷ് (39) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
ആശയാണ് ഒന്നാം പ്രതി. വിവാഹേതര ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ആശയില്‍നിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം വീട്ടില്‍ കൊണ്ടുപോയാണു രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ആശ ഓഗസ്റ്റ് 26 ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.
31 ന് ആശുപത്രി വിട്ടു. രണ്ടിന് ആശയെ തിരക്കി വീട്ടിലെത്തിയ ആശാ പ്രവര്‍ത്തകയോടു കുഞ്ഞിനെ ദത്ത് കൊടുത്തെന്നാണ് ആശ പറഞ്ഞത്. സംശയം തോന്നി അവര്‍ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണമാണു കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
കലവൂര്‍ സുഭദ്ര കൊലപാതകം(സെപ്റ്റംബര്‍ 10)
കൊച്ചി സ്വദേശി സുഭദ്ര(73)യെ കാണാതായെന്ന് കാണിച്ച് മകന് നല്കിയ പരാതിയാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയില്‍ ശര്‍മിള(52), രണ്ടാംപ്രതി ഭര്‍ത്താവ് ആലപ്പുഴ കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ്(നിഥിന്35) എന്നിവര്‍ ചേര്‍ന്ന് ഓഗ്സ്റ്റ് 4ന് കലവൂരിലെ വാടകവീട്ടിലെത്തിച്ചാണ് സുഭദ്രയെ കൊലപ്പെടുത്തിയത്.
പ്രതികള്‍ താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തലയണ മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാള്‍ ഉപയോഗിച്ചു കഴുത്തില്‍ മുറുക്കിയുമായിരുന്നു കൊലപാതകം. സുഭദ്ര ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ പ്രതീക്ഷിച്ചത്ര സ്വര്‍ണം പക്ഷേ ലഭിച്ചില്ല. ആകെ കിട്ടിയത് 3 പവന്. അരപ്പവനില്‍ താഴെ തൂക്കമുള്ള 4 വളകള്‍, മൂക്കുത്തി, മോതിരം, മാല എന്നിവയാണു സുഭദ്ര ധരിച്ചിരുന്നത്. ഇതില്‍ മാല മുക്കുപണ്ടമായിരുന്നു.
അമ്പലപ്പുഴ വിജയലക്ഷ്മി കൊലപാതകം (നവംബര്‍ 4)
അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ (40), കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കരൂര്‍ നിവാസികള്‍ തിരിച്ചറിഞ്ഞത്. പ്രതി ജയചന്ദ്രനും (50) വിജയലക്ഷ്മിയും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നു. തുടര്‍ന്ന് നവംബര്‍ 4ന് ഭാര്യയും മകനും ഇല്ലാത്ത സമയത്ത് വിജയലക്ഷ്മിയെ ജയചന്ദ്രന് കരൂരിലെ വീട്ടിലെത്തിക്കുകയും ഇവിടെ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം രാത്രിയോടെ വീടിന് തൊട്ടുപിന്നിലെ പറമ്പില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു. ഫോണ്‍ എറണാകുളത്ത് വച്ച് ബസിലെ കണ്ടക്ടര്‍ക്ക് ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി ‘ദൃശ്യം’ സിനിമ പത്ത് തവണ കണ്ടെന്ന് മൊഴി നല്‍കിയിരുന്നു.