CrimeNEWS

സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തി 20 ലക്ഷം തട്ടി, എന്നിട്ടും നാഗരാജന് പിടിവീണു; കാരണം ഒരേയൊരു അശ്രദ്ധ

കൊച്ചി: ഫ്‌ളാറ്റ് സമുച്ചയമായ എറണാകുളം അബാദ് മറൈന്‍ പ്ലാസിലെ സൂപ്പര്‍മാര്‍ക്കിലെ സോഫ്റ്റ് വെയറില്‍ തിരിമറി നടത്തി രണ്ടു വര്‍ഷം കൊണ്ട് യുവാവ് തട്ടിയത് 20 ലക്ഷം രൂപ. പിടിക്കപ്പെടുമെന്നായതോടെ തമിഴ്‌നാട്ടിലേക്ക് കടന്ന 26കാരനെ അഞ്ച് മാസത്തിന് ശേഷം ഇന്നലെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് സ്വദേശിയും എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന നാഗരാജാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.

‘മിസ് ക്വിക്ക് കണ്‍വീനിയന്‍സ് സ്റ്റോര്‍’ നടത്തിപ്പുകാരന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനം ആരംഭിച്ചത് മുതല്‍ നാഗരാജ് ജോലിചെയ്യുന്നുണ്ട്. പണമിടപാടും മറ്റും കണ്ടുപഠിച്ച് ഇയാള്‍ സോഫ്റ്റ് വെയറില്‍ ക്യാഷ് സെയില്‍ എന്നതിന് പകരം ക്രെഡിറ്റ് സെയിലെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. സോഫ്റ്റ് വെയറില്‍ കണക്കുകള്‍ തന്ത്രപരമായി മായ്ച്ചെങ്കിലും കള്ളത്തരമെല്ലാം സി.സി ടിവിയില്‍ പതിഞ്ഞു. സാമ്പത്തിക ഇടപാടില്‍ സംശയം തോന്നിയ സ്ഥാപന നടത്തിപ്പുകാരന്‍ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാഗരാജ് സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി.

Signature-ad

തട്ടിപ്പ് തിരച്ചറിഞ്ഞതോടെ നാഗരാജ് തമിഴ്‌നാട്ടിലേക്ക് കടന്ന് ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗരാജ് അതീവ രഹസ്യമായി എറണാകുളത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ചെലവന്നൂരില്‍ തമ്പടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള നാഗരാജ് തനിയെയാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനും മറ്റും പഠിച്ചത്. മറ്റാരെങ്കിലുമാണോ ഇത് പഠിപ്പിച്ചുനല്‍കിയതെന്നും അന്വേഷിക്കുന്നുണ്ട്.

എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സി. അനൂപ്, ഇന്ദുചൂഢന്‍, മോനജ് ബാവ, സി.പി.ഒ സജി, സജില്‍ദേവ്, അനസ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

താമസക്കാര്‍ക്കായി വന്‍കിട ഫ്‌ളാറ്റുകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തന്നെയുണ്ട്. ഇങ്ങിനെ വിവിധ ഫ്‌ളാറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് ‘മിസ് ക്വിക്ക് കണ്‍വീനിയന്‍സ് സ്റ്റോര്‍’. ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂടുതലും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടക്കുക. ഇത് മറയാക്കിയാണ് നാഗരാജ് തട്ടിപ്പ് നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: