കണ്ണൂര്‍: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്കി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവര്ത്തകന് ദേവദാസ് തളാപ്പ് നല്കിയ പരാതിയിലാണ് കമ്മിഷന് ഇരുവരില്‍നിന്നും റിപ്പോര്‍ട്ട് തേടിയത്. ദിവ്യ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തിയെന്നും എഡിഎമ്മിനെ അധിക്ഷേപിച്ച് മടങ്ങിയെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഇത്തരം ചടങ്ങുകളില്‍ മാധ്യമസാന്നിധ്യം ഉണ്ടാവാറില്ല. എന്നാല്‍ ഈ ചടങ്ങ് കവര്‍ ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ വിഡിയോഗ്രഫറും റിപ്പോര്‍ട്ടറും വന്നു. എഡിഎമ്മിനെപ്പോലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് നല്കുന്ന യാത്രയയപ്പായതിനാല്‍ ആരും സംശയിച്ചില്ല.
താനൊരു വഴിപോക്കയാണെന്നും ഇങ്ങനെയൊരു പരിപാടി ഇവിടെ നടക്കുന്നെന്ന് അറിഞ്ഞാണു വന്നതെന്നുമുള്ള ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. പൊതുകാര്യങ്ങള്‍ പറഞ്ഞശേഷം പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു കടന്നു. താന്‍ പലതവണ വിളിച്ചിട്ടും നടക്കാത്ത കാര്യം എഡിഎം സ്ഥലംമാറ്റം കിട്ടി പോകുന്നതിന് 2 ദിവസം മുന്‍പ് നടന്നതില്‍ നന്ദിയുണ്ടെന്നും അതെങ്ങനെ ലഭിച്ചുവെന്ന് 2 ദിവസത്തിനകം നിങ്ങളെല്ലാം അറിയുമെന്നും പറഞ്ഞു.
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥനു നല്കുന്ന ഉപഹാര സമര്‍പ്പണത്തിന് സാക്ഷിയാവരുതെന്ന് ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് കേസെടുത്ത് നിയമ ടപടികള്‍ സ്വീകരിച്ചു വരുന്നതായി കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നവീന്‍ ബാബുവിനെ മരണത്തിലേക്കു നയിച്ചത് ദിവ്യ നടത്തിയ വിവാദ പരാമര്‍ശമാണെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലും പറയുന്നു. പി.പി.ദിവ്യയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് ഫയലുകള്‍ കോടതിക്കു കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.