ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സ്ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ വീടിന്റെ മുറ്റത്തായാണ് പതിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോട് സംസാരിച്ചതായും അടിയന്തര നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം എക്സില്‍ കുറിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കു നേരെ ഒക്ടോബര്‍ 19ന് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ടെല്‍ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം. നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായി. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറില്‍ ബെന്‍ ഗൂരിയന് വിമാനത്താവളത്തിനു നേരെ ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു.