KeralaNEWS

തല്ലിയാലും ബിജെപി നന്നാവില്ല, ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; സന്ദീപ് വാര്യര്‍ പാണക്കാട്ട്

മലപ്പുറം: മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. ഇന്ന് രാവിലെ പാണക്കാട് എത്തിയ സന്ദീപ് വാര്യരെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയിലും വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ടേക്ക് പോയത്. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങള്‍. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ പാണക്കാട്ടെ വരവോട് കൂടി ആ തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യര്‍ പറഞ്ഞു.

Signature-ad

‘ബിജെപിയെ നന്നാക്കാന്‍ വേണ്ടി ഒരു ചൂരല്‍ എടുത്ത് മാരാര്‍ജി ഭവന് ചുറ്റും നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. അവരെ അവരുടെ വഴിക്ക് വിടുകയാണ്. അവര്‍ക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കാനോ വ്യക്തിപരമായി ആരോപണം ഉന്നയിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല’- സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. അതുപോലെ തന്നെ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തില്‍ മത നിരപേക്ഷ നിലപാടുകളാണ് ഉയര്‍ത്തിപ്പിടിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: