KeralaNEWS

തമിഴ്‌നാടിന് 276 കോടി, സിക്കിമിന് 221 കോടി; കേരളത്തിന് ‘കാലണ’ അനുവദിക്കാതെ കേന്ദ്രം

ന്യൂഡല്‍ഹി: അതിതീവ്ര പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അന്തര്‍ മന്ത്രാലയ സമിതി നല്‍കേണ്ട ദേശീയ ദുരന്ത നിവാരണ ഫണ്ട് (എന്‍ഡിആര്‍എഫ്) ഇത്തവണ നല്‍കിയത് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രം. പ്രളയം ബാധിച്ച ഹിമാചല്‍ പ്രദേശ് (66.924 കോടി), സിക്കിം (221.122 കോടി), തമിഴ്‌നാട് (276.10 കോടി), ത്രിപുര (25 കോടി), വരള്‍ച്ച ബാധിച്ച കര്‍ണാടകയ്ക്ക് (3454.22 കോടി) മാത്രമാണ് എന്‍ഡിആര്‍എഫ് അനുവദിച്ചത്. ഇതിനുപുറമേ, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എന്‍ഡിഎംഎഫ്) അരുണാചല്‍ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിച്ചു.

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരിതം കേന്ദ്ര സര്‍ക്കാര്‍ കണ്ട് ബോധിച്ചിട്ടും ഇതുവരെ എന്‍ഡിആര്‍എഫ് അനുവദിച്ചിട്ടില്ല. കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഫിനാന്‍സ് കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും (എസ്ഡിആര്‍എഫ്) സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും (എസ്ഡിഎംഎഫ) മാത്രമാണ് ഇതുവരെയായിട്ടും അനുവദിച്ചിട്ടുളളത്. 2026 വരെ ഈ തുക എത്രയാണ് നല്‍കേണ്ടതെന്ന് മുന്‍പ് നിശ്ചയിച്ചതാണ്.

Signature-ad

കേരള സര്‍ക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നല്‍കിയ മറുപടിയില്‍ അതിതീവ്ര പ്രകൃതിദുരന്തമുണ്ടായാല്‍ കേന്ദ്രത്തിന് അധികമായി എന്‍ഡിആര്‍എഫ് അനുവദിക്കാമെന്ന് പറയുന്നുണ്ട്. കേന്ദ്ര മന്ത്രിതലസമിതി സ്ഥലം സന്ദര്‍ശിച്ച് ശുപാര്‍ശ ചെയ്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിതല സമിതിയും വയനാട്ടിലെത്തിയിട്ടും ഫണ്ട് അനുവദിക്കാത്തതിന് കാരണം വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: